Saturday, August 10, 2013

ആങ്ങള


18 വർഷത്തെ  പഠനത്തിനു ശേഷം ഒരു ജോലി തരമായി . 4 മാസത്തെ ട്രെയിനിംഗ്  വേണ്ടി കാക്കനാട് ഇൻഫൊപാർക്കിൽ എത്തി. തുടക്കം മോശമായില്ല. വന്നു കയറിയ അടുത്ത ആഴ്ച തന്നെ ആദ്യ പരീക്ഷ. ബാച്ചിൽ ഉള്ള ചാവേറ് "ബോറി മോൻ " സഹായിച്ചത് കാരണം രക്ഷപ്പെട്ടു.


                                      2 മാസം പെട്ടെന്ന് കടന്നു പോയി. ട്രെയിനിംഗ്  ബാച്ചിലെ മിക്ക പിള്ളേരുമായി കമ്പനിയായി .(ഞാനാണ്‌ ബാച്ചിലെ മൂത്താപ്പ . അത് കൊണ്ട് ബാക്കിയെല്ലാവരും പിള്ളേര് തന്നെ ).  ദിവസം മുഴുവൻ ബോറടിച്ചു കഴിയുമ്പോൾ ഒന്ന് എൻജോയ് ചെയ്യാൻ അല്ലെങ്കിൽ മനസ്സിനെ  ആനന്ദ തുന്തിലമാക്കാൻ "നിളയെ " കാണാൻ 6 മണിയാകുമ്പോൾ പോകും. നിള എന്നാ സുന്ദരിയെ മനസ്സിൽ സങ്കല്പ്പിക്കാൻ വരട്ടെ. ഇൻഫൊപാർക്കിലെ ഒരു തരക്കേടില്ലാത്ത restaurant ആണ് നിള .


"നിള "

                 യുവമിഥുനങ്ങളുടെയും  ഒറ്റയാന്മാരുടെയും വിഹാര കേന്ദ്രം. ജോലി തിരക്കിനിടയിൽ സൗകര്യമായി  സൊള്ളാൻ പറ്റിയ സ്ഥലം. എന്നെ പോലെയുള്ള ഒറ്റയാന്മാർക്ക് ഒരു "Paid Mouth Looking Center". എല്ലാ കമ്പനികളിലെ  തരുണി മണികളെ കണ്ടു നിർവൃതി അടയുന്ന ആണ്‍ പ്രജകളുടെ ഒരു അഭയ കേന്ദ്രം . പക്ഷെ ഇതൊന്നും പൈസ മുടക്കില്ലാതെ നടക്കില്ല.എന്തെങ്കിലും ഒക്കെ മേടിച്ചു കൊറിച്ചു ഹോട്ടലുകാരെയും   ബോധിപ്പിക്കണം. ചെറുപ്പകാലത്ത് കഴിക്കാൻ ഇഷ്ടമില്ലാതെ ക്രിക്കറ്റ്‌ കളിച്ചു കളഞ്ഞ കൊഴുക്കട്ടയാണ് ഈ കലാപരിപാടികൾക്ക് വേണ്ടി കാശു കൊടുത്തു മേടിച്ചു കഴിക്കുന്നത്‌..
ഈ കഥ വീട്ടിൽ അമ്മ അറിഞ്ഞാൽ "കൊഴുക്കെട്ട " sentiments" അടിക്കും. ഇതെല്ലം രഹസ്യമായി വെക്കുന്നതാണ് അതിലും ഭേദം.

          ഇനി സംഭവ ദിവസം ....
                             ആറു മണി കഴിഞ്ഞതോടെ നിളയിൽ ഹാജരായി . കൂട്ടുകാരൊക്കെ ഭക്ഷണം ഓർഡർ ചെയ്യാൻ പോയി. ഞാൻ എന്റെ മടി കാരണം പോയില്ല (അത്രേം നേരം കൂടെ വല്ലോരേം കണ്ടിരിക്കാമല്ലോ ). അങ്ങനെ പരിസര നിരീക്ഷണം നടത്തുമ്പോൾ ആണ് ആ സുന്ദരിയെ കണ്ടത്.
എവിടെയോ കണ്ടു നല്ല പരിചയം. മനസ്സിൽ പല തവണ ആലോചിച്ചിട്ടും ആളെ ഓർമ്മ കിട്ടുന്നില്ല. ഇങ്ങനെ തല പുകഞ്ഞിരിക്കുമ്പോൾ അവൾ എന്നെയും നോക്കി. ഇതേ പോലുള്ള സന്ദർഭങ്ങളിൽ കണ്ണ് പെട്ടെന്ന് വെട്ടിക്കുകയോ, വരാത്ത ഫോണ്‍ കോൾ അറ്റൻഡ് ചെയ്യുകയുമാണ് വേണ്ടത്. ഈ പറഞ്ഞ രണ്ടു കാര്യങ്ങൾക്കും എനിക്ക് പറ്റിയില്ല.  പിന്നെ ചമ്മിയാണേലും  ഒന്ന് ചിരിച്ചു കാണിച്ചു .

                            അപ്രതീക്ഷിതമായി അവളും എന്നെ ചിരിച്ചു കാണിച്ചു. ആ ചിരിയോടെ ഞാൻ വീണ്ടും തല പുകയ്ക്കാൻ  തുടങ്ങി. മണിച്ചിത്രത്താഴിലെ നാഗവല്ലി ചോദിക്കുന്നത്  പോലെ ഞാൻ എന്നോട് തന്നെ വീണ്ടും ചോദിച്ചു "യാരത് ". ചിരിക്കു ശേഷം എന്ത് എന്ന് ആലോച്ചിരുന്ന  എന്റെ അടുത്തേക്ക് അവൾ പതുക്കെ നടന്നു വന്നു.


                           അവളുടെ ഓരോ കാലടിക്കും എന്റെ ഹൃദയം 10 ഇടിപ്പെങ്കിലും കൂടുതൽ അടിച്ചോണ്ടിരുന്നു . അതെ അവൾ എന്റെ മേശയുടെ അടുക്കലേക്കു  തന്നെയാണ് വരുന്നത്. അറ്റ കൈക്കു പറയേണ്ട ഡയലോഗ്സ് ഞാൻ മനസ്സില് പറഞ്ഞു റിവിഷൻ ചെയ്തു. അപ്പോളേക്കും ആ ചോദ്യം എത്തി .

"എന്നെ ഓർമയുണ്ടോ "........  ഞാൻ പ്രതീക്ഷിച്ച ചോദ്യം അല്ല . ഹാവൂ രക്ഷപെട്ടു .
"ഓർമ്മ കിട്ടുനില്ലാ " നിഷ്കളങ്കതയോടെ ഞാൻ പറഞ്ഞു.

അവൾ തുടർന്നു " നമ്മൾ മുൻപ് കണ്ടിട്ടുണ്ട് ". ഇതോടെ ഞാൻ എന്റെ ഓർമ്മയെ പ് രാകി .... ഞാൻ പഠിച്ച കലാലയങ്ങളുടെ ലിസ്റ്റ് പറഞ്ഞു തടി തപ്പാൻ നോക്കി . ചിരിച്ചോണ്ട് അവിടെ വെച്ചോന്നുമല്ല കണ്ടത് എന്ന് പറഞ്ഞ ആ കുട്ടിയുടെ മുൻപിൽ ഞാൻ പരാജയം സമ്മതിച്ചു.

                                                 അവശമായ എന്റെ മുഖം കണ്ടിട്ട് അവൾ പറഞ്ഞു.
"...........ടെ ആങ്ങളയല്ലേ ... ഞങ്ങൾ എഞ്ചിനീയറിംഗ് ക്ലാസ്സ്‌ മേറ്റ്സ് ആണ്. അവളെ കൂട്ടാൻ വന്നപ്പോൾ നമ്മൾ കണ്ടിട്ടുണ്ട്." എന്താ ഇനി പറയുക ഇനി ചെയ്യുക എന്നറിയാതെ തലയ്ക്കു അടി കിട്ടിയ ആളെ പോലെ ഞാൻ അവിടെ ഇരുന്നു. ആകെ ചളമായി . സ്വന്തം ചേച്ചിയുടെ സുഹൃത്തിനെയാണ്  ഇത്രേം നേരം വായി നോക്കിയത്. ഭക്ഷണം മേടിക്കാൻ പോയവര് ഒന്ന് വിളിച്ചിരുന്നേൽ  എന്ന് ആഗ്രഹിച്ചു ,അവർ വിളിച്ചില്ല . ചേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു  ശേഷം ആ "ചേച്ചി" പറഞ്ഞു.

"അവളുടെ ഫോണ്‍ നമ്പർ തരുമോ.ഒത്തിരി നാളായി വിളിച്ചിട്ട് ". മനസില്ലാ മനസ്സോടെ നമ്പർ കൊടുത്തു. മൊബൈലിൽ സേവ് ചെയ്തതിനു ശേഷം "ചാച്ചി " വിട പറഞ്ഞു പോയി. അതിനു ശേഷം എന്താണെന്നു അറിയില്ല സ്വന്തം ചേച്ചിയോട് വല്ലാത്ത ഒരു സ്നേഹം. എല്ലാ ദിവസവും ഫോണ്‍ വിളിക്കും ".ചോറുണ്ടോ?? ആരൊക്കെ വിളിക്കാറുണ്ട് ??" എന്നൊക്കെ ഭയങ്കര അന്വേക്ഷണം ആണിപ്പോൾ. 


                                  ഏതു  സുന്ദരികൾ ചിരിച്ചു കാണിച്ചാലും എന്റെ മനസിൽ മുഴങ്ങുന്ന ശബ്ദം  ഇതാണ്.

                                   ".........ടെ ആങ്ങളെയല്ലേ "


                         

Saturday, March 17, 2012

തെലുങ്കന്‍ കൊത്തിയ കസ്തൂരി മാമ്പഴം

          നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കാന്‍ തമിഴ് നാട്ടിലെത്തി . ഏതായാലും ചേര്‍ന്നതല്ലേ കാര്യമായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.കൃത്യമായി ക്ലാസ്സില്‍ പോയും ലാബ്‌ റെക്കോര്‍ഡ്‌ കമ്പ്ലീറ്റ്‌ ആക്കിയും അങ്ങനെ കഴിഞ്ഞു പോന്നു. ഈ കാലഘട്ടത്തില്‍ ആ കാമ്പസില്ലുള്ള സുന്ദരിമാരെ തല്‍കാലം മറന്നു. ഫസ്റ്റ് സെമെസ്ടര്‍ എക്സാം അങ്ങനെ വന്നെത്തി. ആദ്യത്തെ നാലു പരീക്ഷകള്‍ നല്ലത് പോലെ എഴുതി. അവസാനത്തെ പരീക്ഷ ദിവസം സമാഗതമായി..


ആ ദിവസം.........


                     അവസാന മിനിറ്റ് പഠിത്തം കഴിച്ച ഞാന്‍ മനസ്സ് ശാന്തമാക്കാന്‍ ചുറ്റും പഠിക്കുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഉറ്റ സ്നേഹിതനും സഹോദര തുല്യനുമായ മത്തായി രജനികാന്ത് സ്റ്റൈലില്‍ റിവൈസ് ചെയ്യുന്നു. അവിടെനിന്നും കണ്ണെടുത്ത ഞാന്‍ അവളെ കണ്ടു...ആ അസ്പരസിനെ അല്ല അപ്സരസിനെ ഞാന്‍ കണ്ടു (ഈ ഭൂമിയില്‍ ഒന്നിലധികം അപ്സരസ്സുകളുണ്ട്,അതിനാല്‍ ഇത് വായിക്കുന്ന സുന്ദരിമാര്‍ എന്നെ തെറ്റിദ്ധരിക്കല്ല്.നിങ്ങളും അവരില്‍ ഒരാളാണ്). ആ ആള്‍ കൂട്ടത്തിനിടയിലേക്ക് എന്റെ കണ്ണുകള്‍ ഓട്ടോ ഫോക്കസ് ചെയ്തു ...


                       കണ്ടാല്‍ ഒരു ആവറെജു ആവറേജര പെണ്‍കുട്ടി  (ഇത്തരത്തിലുള്ള പുതിയ വാക്കുകള്‍ സംഭാവന ചെയ്യുന്ന എനിക്ക് ഒരു നോബല്‍,അറ്റ്ലീസ്റ്റ് ഒരു പൊന്നാടയെങ്കിലും തരണം.). ഭംഗിയുള്ള ഒരു ചുരിദാര്‍ ആണ് വേഷം. ചുരുണ്ട മുടി അഴിച്ചിട്ടിരിക്കുനു. അവളും പരീക്ഷക്കുള്ള പഠനത്തിലാണ്. ഈ കുട്ടിയെ കണ്ടില്ലെങ്കില്‍ മത്തായി ചേട്ടന് നഷ്ട്ട മായിരിക്കും എന്ന് വെച്ച് ഞാന്‍ പുള്ളിയും കാണിച്ചു കൊടുത്തു. ഞങ്ങളുടെ ഈ നോട്ടം അവളും കണ്ടു. ഞങ്ങളെ കടന്നു പോയ അവളെ ഞങ്ങള്‍ പിന്തുടര്‍ന്നു.


                    രണ്ടാം സമസ്ടരിന്‍റെ ഇടവേളകള്‍ അവളെ കാണാനായി മാത്രം വിനയോഗിച്ചു. ആദ്യമൊക്കെ ഈ പ്രവര്‍ത്തിയില്‍ താല്പര്യം കാണിക്കാതിരുന്ന എന്‍റെ സുഹൃത്തുക്കളായ മസിലനും മാമയും കൂടെ കൂടെ ഇതില്‍ പങ്കാളികളായി. അവളെ എവിടെ വെച്ച് കണ്ടാലും അവര്‍ എന്നെ വിളിച്ചു കാട്ടി തന്നു. താമസിക്കാതെ തന്നെ അവളെ ഏതു ആള്‍ കൂട്ടത്തില്‍ നിന്നും തിരിച്ചറിയാന്‍ മാത്രം ഞാന്‍ പ്രാപ്തനായി. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഉടക്കിടാന്‍ ചില ലവന്മാര് കാണുമല്ലോ.അത് പോലെ ഈ വായി നോട്ടത്തിനെ ഉഴപ്പാന്‍ പലരും പല കഥകളും പറഞ്ഞു. അവള്‍ക് ലൈന്‍ ഉണ്ടെന്നു എന്‍റെ സഹപാഠികള്‍ മുന്നറിയിപ്പ് തന്നു. ഞാന്‍ അതെല്ലാം അവഗണിച്ചു എന്‍റെ ചെയ്തികള്‍ തുടര്‍ന്ന് പോന്നു..


                           ഹോസ്റ്റലില്‍ നിന്ന് തല്‍കാലം രക്ഷപെടാന്‍ വേണ്ടി ഒരു വര്‍ക്ക് ഷോപ്പിനു പേര് കൊടുത്തു. രണ്ടു ദിവസത്തേക്ക് കോളേജില്‍ പോകേണ്ട. പകരം താംബരത്തുള്ള കോളേജില്‍ പോയാല്‍ മതി. ആദ്യ ദിവസം സംഭവ ബഹുലമായിരുന്നു. വര്‍ക്ക് ഷോപ്പ് നടത്തിയ ചേച്ചിയെ വിറപ്പിച്ചു മസിലന്‍ കോളേജില്‍ പേരെടുത്തു. കോളേജില്‍ ഇട്ടിരിക്കുന്ന പാട്ട വിമാനത്തിന്‍റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്തെല്ലാം ആദ്യ ദിവസം തള്ളി നീക്കി. രണ്ടാം ദിവസം ആദ്യ ദിവസം പോലെ കഴിഞ്ഞു.ആകെ  കൂടെ ഒരു വ്യത്യാസം ഉണ്ടായിരുന്നത് മസിലനു പകരം മാമായാണ് അന്ന്  വര്‍ക്ക് ഷോപ്പ് സജീവമാക്കിയത്. തളര്‍ന്നു അവശരായ നാലു പേരും തിരിച്ചു പോകാന്‍ വേണ്ടി താംബരം ബസ് സ്റ്റാന്‍ഡില്‍ എത്തി.

                           മത്തായി എന്തോ കണ്ടു അമ്പരന്നു നിന്നു. കൂട്ടത്തില്‍ ഞാനും.
രണ്ടു പേരും മുഖത്തോട് മുഖം നോക്കി. "ആ പോയത് അവളല്ലേ " എന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പറഞ്ഞത്. സംശയ ദുരീകരണ ദൗത്യം മാമയും മസിലനും ഏറ്റെടുത്തു . ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു അവര്‍ വന്നു. അവരുടെ മുഖത്ത് നിന്നു തന്നെ എന്തോ വേണ്ടാത്തത് കണ്ടു എന്ന് മനസിലാക്കി. അവരെ വകഞ്ഞു മാറ്റി ഞാന്‍ ആ കാഴ്ച നോക്കി കണ്ടു.. ഞങ്ങള്‍ ഇത്രെയും കാലം ആരാധനയോടെ നോക്കി കണ്ടിരുന്ന ആ അപ്സരസ്സ് ഏതോ ഒരു അസുരന്‍റെ തോളത്ത് കയ്യിട്ടു നടക്കുന്നു. ഇത്രെയും നാള്‍ കണ്ടു കൊണ്ടിരുന്ന ഒരു റോസാ പൂവ് വഴിയെ പോയ ഒരുവന്‍ വന്നു അടര്‍ത്തി കൊണ്ട് പോകുമ്പോള്‍ എല്ലാവര്ക്കും തോന്നുന്ന ഒരു "ഇത് " ഇല്ലേ ,അതെനിക്കും അപ്പോള്‍ തോന്നി. ഒരു സമസ്ടര്‍ നീണ്ടു നിന്ന വായി നോട്ടം    താമ്പരത്ത് അന്ന് അവസാനിച്ചു .

                      ഒരാഴ്ചത്തെ അന്വേക്ഷണത്തിന് ശേഷം അന്ന് അവളുടെ കൂടെ കണ്ട അസുരന്‍ ആരാണെന്നു തിരിച്ചറിഞ്ഞു. ആന്ധ്ര പ്രദേശില്‍ നിന്നും മലയാളികളുടെ നെഞ്ചത്ത് ചവിട്ടാന്‍ വേണ്ടി വന്ന ഒരു തെലുങ്കന്‍............ 
ഈ വാര്‍ത്ത‍ അറിഞ്ഞ എനിക്കവളോട് പുച്ഛം തോന്നി. ഇത്രയുമധികം കേരള പുരുഷന്മാര്‍ അവിടെ ഉണ്ടായിട്ടു ഈ പരട്ട തെലുങ്കനെ മാത്രേ അവള്‍ക് പ്രേമിക്കാന്‍ കിട്ടിയൊള്ളൂ . മലയാളികള്‍ കാത്തു വെച്ചിരുന്ന ആ കസ്തുരി മാമ്പഴം ഒരു തെലുങ്കന്‍ കാക്ക കൊത്തി കൊണ്ട് പോയി... അവസാന റിപ്പോര്‍ട്ട്‌ പ്രകാരം ആ മാമ്പഴം ഇപ്പോളും തെലുങ്കന്‍റെ   കൈയില്‍ തന്നെയാണ്...

Monday, December 26, 2011

പുകവലി ആരോഗ്യത്തിനു ഹാനികരം

കുരുത്തക്കേടുകള്‍ തഴച്ചു വളരുന്ന പ്ലസ് ടു കാലഘട്ടം... തങ്ങളുടെ കഴിവ് വെള്ളമടിയിലാണോ പുകവലിയിലാണോ എന്ന് ഏതൊരും തോന്ന്യവാസിയും ഗവേക്ഷണം നടത്തുന്ന സുന്ദര കാലഘട്ടം. സാമ്പത്തിക ഞെരുക്കം മിക്കവരെയും മദ്യത്തില്‍ ഈ പരീക്ഷണം നടത്താന്‍ തടസ്സം നിന്നു. സ്ഥിര വരുമാനമായി ആകെയുള്ളത് ബസ്‌കാരെ  പറ്റിച്ചു കിട്ടുന്ന വണ്ടി കൂലി മാത്രം. ഈ കാശു പുകവലിയില്‍ നിക്ഷേപിക്കാനെ തികയൂ.

                                                      മൂക്കിലൂടെ  പുക വിടുന്നതാണ് പുകവലിയിലെ ആദ്യ കടമ്പ . ചുമക്കാതെ,പുക മൂലം എരിയുന്ന മൂക്ക് തിരുമ്മാതെ നില്ക്കാന്‍ സാധിക്കുന്ന എല്ലാവരെയും ഈ പരീക്ഷ വിജയിച്ചതായി കണക്കാക്കും. അടുത്ത ഘട്ടം വട്ടത്തില്‍ പുക വിടുക എന്നുള്ളതാണ്. റബ്ബര്‍ തോട്ടത്തിലെ കാറ്റു കാരണമാണെന്ന് തോന്നുന്നു ഞങ്ങള്‍ക്ക് ആര്‍ക്കും കണക്കു പേപ്പര്‍ എന്ന പോലെ പാസ്സാകാന്‍ പറ്റിയില്ല.പലരും പല പരീക്ഷണങ്ങളും പുകവലിയില്‍ നടത്തി..മിക്കവരുടെയും ലാബ്‌ സ്കൂളിനു പുറകിലെ റബ്ബര്‍ തോട്ടമാണ്. പുക ചെവിയിലൂടെ വിടാന്‍ ശ്രമിച്ചു നെറുകംതലയില്‍ പുക കയറി മന്ദിപ്പായി തോട്ടത്തില്‍ കിടന്ന "മൊയിജാനേ" ഈ അവസരത്തില്‍ സ്മരിക്കുന്നു.

                             പ്ലസ് ടു ലാബ്‌ എക്സാം നടക്കുന്ന സമയം.. ആര്‍ക്കും ഒരു കിടുമണ്ടിക്കയും അറിയത്തില്ല.അതെങ്ങനെ അറിയാനാ ,ലാബ്‌ ചെയ്യേണ്ട സമയത്ത് പ്ലസ് വണ്ണിലെ പെണ്‍കുട്ടികളെ കുറിച്ചും ശനിയാഴ്ച ഇതു പടത്തിനു പോകണം എന്നതുമായിരിക്കും സംസാരികുക.പെണ്ണുങ്ങളുടെ റെക്കോര്‍ഡ്‌ നോക്കിയെഴുതിയും സ്വന്തമായി ടീച്ചറിന്‍റെ ഒപ്പിട്ടും ഒരു വര്‍ഷം കഴിച്ചു കൂട്ടി..റെക്കോര്‍ഡ്‌ മൊത്തം തുണ്ടെഴുതി ലാബ്‌ എക്സാമിന് ഞങ്ങളും തയ്യാറെടുത്തു ..

                        ഞാന്‍ ലാബില്‍ കയറി,മേശയില്‍ കമഴ്ത്തി വെച്ചിരിക്കുന്ന ഒരു കൊസ്റ്യന്‍ എടുത്തു എഴുത്ത് തുടങ്ങി. കാരണവന്മാര്‍ ചെയ്ത പുണ്യം... കിട്ടാവുന്നതില്‍ എളുപ്പമുള്ളതു തന്നെ കിട്ടി. ഔട്പുട്ട് കാണിച്ചു വൈവാക്ക്‌ എക്സ്റ്റെര്‍നലിന്‍റെ അടുത്തേക്ക് പോയി..സാറ് മല്ലപ്പള്ളി ഐ എച്ച് ആര്‍ ഡി യില്‍ നിന്നാ..കണ്ടിട്ട് ആള്‍ അല്പം പരുക്കനാണെന്ന് തോന്നി..പുള്ളി ചോദിച്ചു തുടങ്ങിയപ്പോള്‍ എന്‍റെ ഊഹം തെറ്റിയില്ല എന്ന് പിടി കിട്ടി..ഒരു വിധത്തില്‍ ചിരിച്ചും തല താഴ്ത്തി ഇരുന്നും വൈവാ കഴിച്ചു കൂട്ടി..
    
                        പുറത്തിറങ്ങി റെക്കോര്‍ഡ്‌ ബാഗില്‍ വെക്കുമ്പോലാണ് അകത്തു തലക്ക് താങ്ങ് കൊടുത്തിരിക്കുന്ന "കൊച്ചു ബി " യെ കണ്ടത്.ആശാന്‍ ധര്‍മ സങ്കടത്തിലാണ് ...ട്രാന്‍സിസ്റ്ററി ന്‍റെ  ബേസ് ടെര്‍മിനല്‍ ഏതാണെന്ന് മനസിലാകുന്നില്ല..അടി തൊട്ടു മുടി വരെ നോക്കിയിട്ടും രക്ഷയില്ല.ഞാന്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു . ട്രാന്‍സിസ്റ്ററിന്‍റെ പിന്‍ ലേഔട്ട്‌ ഒരു പേപ്പറില്‍ വരച്ചു കാണിച്ചു കൊടുത്തു.കൊച്ചു ബി പടം വരച്ചു തീര്‍ന്നപ്പോള്‍ ലാബിന്‍റെ അകത്തു നിന്നു  എക്സ്റ്റെര്‍നലിന്‍റെ  ശബ്ദം...


"ആരാ അവിടെ നിന്ന് റെക്കോര്‍ഡ്‌ കാണിച്ചു കൊടുക്കുന്നത് "


കേട്ട പാതി കേക്കാത്ത പാതി ബാഗും കൊണ്ട് ഞാന്‍ ഓടി.എന്നെയെങ്ങാനും കണ്ടാല്‍ ഉള്ള മാര്‍ക്കു കൂടി പുള്ളി ഗണപതിക്ക്‌ അടിക്കും.എന്തിനാ വെറുതെ വഴിയെ പോയ ടിപ്പറിനു ഓട്ടോ വിളിച്ചു പോയി തല വെക്കുന്നത്..എക്സാം കഴിഞ്ഞു കൊച്ചു ബി എത്തി.പടം നോക്കി വരച്ചത് കൊണ്ടാണെന്ന് തോന്നുന്നു,അവനെ കൊസ്റ്യന്‍ ചോദിച്ചു കൊന്നു..ആ ക്ഷീണം മുഖത്ത് കാണാനുമുണ്ട്.


                                             പൊറോട്ടയും ബീഫും(പിന്നെ ബീഫു , ബീഫ് ചാറാ സ്ഥിരം അടിക്കുന്നത്  ) അടിക്കാന്‍ ജെ സി ബി ഹോട്ടലിലേക്ക് കയറി..ഓര്‍ഡര്‍ എത്തുന്നത്‌ വരെയുള്ള സമയം ഊണിനു വേണ്ടി മേശയില്‍ വെച്ചിരുന്ന മോരും സാമ്പാറും ടേസ്റ്റ് ചെയ്തു..എക്സാം കഴിഞ്ഞതല്ലേ ,ഒരു പുക എടുത്തേക്കാം എന്ന അഭിപ്രായം എല്ലാവരും ഏക സ്വരത്തോടെ അംഗീകരിച്ചു ..അടുത്തുള്ള പെട്ടിക്കടയില്‍ കയറി ഓരോ സിഗരട്ട് വീതം മേടിച്ചു വലി തുടങ്ങി..പൈസ പോക്കെറ്റില്‍ നിന്നെടുക്കുമ്പോള്‍ കടയില്‍ വേറൊരുവന്‍ വന്നു ഒരു പാക്കറ്റ് സിഗരട്ട് ചോദിച്ചു..പെട്ടികടയുടെ മുന്‍പില്‍ തൂക്കി ഇട്ടിരിക്കുന്ന സിനിമ മാഗസീന്‍സും മറ്റു "മ",""മു" മാസികകളും കാരണം ആളെ കാണാന്‍ സാധിച്ചില്ല ..ആരാണെന്ന് അറിയാന്‍ മാസിക മാറ്റി ഞങ്ങള്‍ നോക്കി..


മല്ലപ്പള്ളിയില്‍ നിന്ന് വന്ന ലാബ്‌ എക്സ്റ്റെര്‍നല്‍ സര്‍ 


                                     ആകെ കൂടി ഒരു അങ്കലാപ്പ് ....എന്ത് ചെയ്യണമെന്നറിയില്ല ..ഒരുത്തന്‍റെ വായില്‍ കൂടെ പുക വന്നു കൊണ്ടേ ഇരിക്കുന്നു ..വേറൊരുവന്‍ സിഗരറ്റില്‍ തീ പകര്‍ത്തുന്നു ..ഞങ്ങള്‍ ആണേല്‍ യൂണിഫോമിലും .. ഈ കുരുത്തക്കേട്‌ കാണിക്കുന്ന ഞങ്ങളുടെ മാര്‍ക്ക്‌ സാറിന്  കുറയ്ക്കാം..വേണേല്‍ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറോട് പരാതിപ്പെടാം .വരാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് ആലോചിച്ചു എന്‍റെ തലയില്‍ നിന്നും പുക ഉയര്‍ന്നു ...സാറു എന്തോ പറയാനൊരുങ്ങി.അത് കേള്‍ക്കാനായി ഞങ്ങള്‍ ചെവിയോര്‍ത്തു.                                    ഭയചകിതരായി (വെറുതെയാ ,നമ്മള് ചിരിച്ചോണ്ട് നിന്നാല്‍ സാറിന് ഫീല്‍ ആയാലോ ) നില്‍ക്കുന്ന ഞങ്ങളെ നോക്കി അദ്ദേഹം മൊഴിഞ്ഞു..


"ഈ പ്രായത്തിലെ വലിക്കാന്‍ തുടങ്ങിയാല്‍ കൂമ്പ് വാടി പോകും "


ഇത്രയും പറഞ്ഞതിന് ശേഷം പുള്ളി തിരിഞ്ഞു സ്കൂളിലേക്ക് നടന്നു..ഭാഗ്യം പണിയൊന്നും കിട്ടത്തില്ല..പുള്ളിയും ചെറുപ്പത്തിലെ വലിച്ചു തുടങ്ങിയതാണെന്ന് തോന്നുന്നു,ഞങ്ങളോട് ഒരു വാത്സല്ല്യം.അത് കാരണമായിരിക്കും ഞങ്ങളുടെ പുകവലി സാറു കാര്യമായി എടുത്തില്ല. ആ സംഭവത്തോടെ പുകവലി ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ഹാനികരമാണെന്ന് മനസ്സിലായി.(സാറിനെ കണ്ടപ്പോള്‍  ഹൃദയം നിന്ന് പോയി ..അമ്മച്ചിയാണേല്‍ നേര് )


                                    
                                         

                                                   

Tuesday, September 13, 2011

വെണ്ണിമല ദുരന്തം

തലക്കെട്ട്‌ കാണുമ്പോള്‍ മലയാള മനോരമയുടെ മുന്‍ പേജിലെ ഒരു വാര്‍ത്തയായി തെറ്റിദ്ധരിക്കാം. പക്ഷെ പുതുപ്പള്ളി   I.H.R.D യില്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലസ്‌ ടു പഠിച്ച മിക്കവര്‍ക്കും ഈ സ്ഥലം സുപരിചിതമാണ് .അവരില്‍ ബഹു ഭൂരി പക്ഷം  നടുക്കത്തോടെയും ഓര്‍ക്കുന്ന ഒരു പേരാണ്. പുതുപ്പള്ളിയില്‍ നിന്ന് അധികം ദൂരമില്ല വെണ്ണിമലക്ക്,

                                                            ഇനി സംഭവത്തിലേക്ക് കടക്കാം.പ്ലസ്‌ വണ്‍ ക്ലാസ്സിന്‍റെ അവസാന കാലഘട്ടം.ടീച്ചേര്‍സ് ടോപ്‌ ഗിയറില്‍ പഠിപ്പിക്കുന്നു.പഠിപ്പിസ്റ്റുകള്‍ ഇനി എന്താണ് പഠിപ്പിക്കാനുള്ളത് എന്ന് പരതുന്നു. ബാക്കിയുള്ള ബഹു ഭൂരിപക്ഷം നോട്ടുബുക് നോക്കി ഇതെല്ലം എന്ന് പഠിപ്പിചെന്നു ആലോചിച്ചു അത്ഭുതപ്പെടുന്നു. പഠിപ്പീരില്‍ കെമിസ്ട്രി ഏറെ പുറകിലാണ്‌. ഓര്‍ഗാനിക് കെമിസ്ട്രി ആണ് ഇനി ബാക്കിയുള്ളത്.പുതിയതായി വന്ന ടീച്ചര്‍ ഒരു മടുപ്പും കാണിച്ചില്ല.കിട്ടുന്ന എല്ലാ പീരിയഡും വന്നു പഠിപ്പിക്കുന്നു.വേണ്ടാത്ത ശീലങ്ങള്‍ പടിക്കണ്ടല്ലോ എന്ന് വെച്ച് ഞാന്‍ നേരത്തെ പറഞ്ഞ ബഹു ഭൂരിപക്ഷം കുറേശെ കെമിസ്ട്രി  പീരിയഡു കട്ട് ചെയ്തു തുടങ്ങി.

ക്ലാസ്സെല്ലാം തീരാറായി.പക്ഷെ കെമിസ്ട്രി മാത്രം തീരുന്നില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ കെമിസ്ട്രി മാത്രം.. ക്ഷമയുടെ നെല്ലിപ്പടി കണ്ട കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ആയി . ദിവസം ചെല്ലും തോറും കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഇവിടെ ക്ലാസില്‍ ചോരുന്ന പിള്ളേരെല്ലാം സ്കൂളിനു പുറകിലുള്ള റബ്ബര്‍ തോട്ടത്തില്‍ ഹാജര്‍ വെച്ചു.എത്ര നേരം എന്ന് വെച്ചാണ്‌  അവിടെ ഇരിക്കുന്നത്.എല്ലാവരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഇറങ്ങി.അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കൂട്ടര്‍ പുതിയ സ്ഥലം കണ്ടെത്തിയത്.
   
                                                       "വെണ്ണിമല"

പോയവര്‍ക്കെല്ലാം നല്ലത് പോലെ ബോധിച്ചു. ഇത് വരെ വരാത്തവരെ അങ്ങോട്ട്‌ കാഴ്ചകള്‍ കാണാന്‍ ക്ഷണിച്ചു. ഒന്ന് പോയാല്‍ കൊള്ളാമെന്നു  എനിക്കും തോന്നി. അങ്ങനെ ആ ദിനം വന്നെത്തി. ദുരന്ത ദിനം .


ഫെബ്രുവരി പതിനേഴ്‌                                             അന്ന് ക്ലാസ്സില്‍ കയറാതെ ഞാന്‍ തോട്ടത്തിലോട്ടു ചെന്നു.ക്ലാസ്സിലെ മിക്ക പുരുഷ കേസരിമാരും അവിടെയുണ്ട്. ആ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. വന്നത് ഏതായാലും നന്നായി.ക്ലാസ്സിലെ പ്രിയപ്പെട്ടവനും കണക്കു സാറിന് വേണ്ടാതവനുമായ കൊച്ചു  ബി യുടെ ജന്മദിനമാണ്.അതിന്‍റെ ട്രീറ്റ്‌ പ്ലാന്‍ ചെയ്യുകയാണ് ബാക്കിയുള്ളവര്‍. ബിയറും റമ്മും ചിക്കനും മേടിക്കാന്‍ ആളു പോയി കഴിഞ്ഞു. ആഘോഷമെല്ലാം വെന്നിമലയില്‍ ചെന്നിട്ടു.
അമിത ഭാരം കാരണം ബാഗെല്ലാം റബ്ബറിന് വളമിടാന്‍ എടുത്ത കുഴിയില്‍ ഇട്ടു മൂടി വെന്നിമലക്ക് പുറപ്പെട്ടു. 

                                         വെണ്ണിമല റൂട്ട് കൊള്ളാം.ഒരു ഷാപ്പ്‌, വഴി നീളെ പെട്ടിക്കടകളും.പുക വേണ്ടവര്‍ക്ക് പുക ..കള്ളു വേണ്ടവര്‍ക്ക്‌ കള്ളും...
എല്ലാം നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്.സിഗരട്ട് മേടിക്കാന്‍ കയറിയ ഒരുവനെ (തല്‍കാലം ഇവനെ കപിലന്‍ എന്ന് വിളിക്കാം) അവന്‍റെ അപ്പന്‍റെ കൂട്ടുകാരന്‍ തിരിച്ചറിഞ്ഞു.പുള്ളി അപ്പോള്‍ തന്നെ ഫോണ്‍ വിളിച്ചു വിവരമറിയിച്ചു.ഇതൊന്നുമറിയാതെ ഞങ്ങള്‍ എല്ലാം യാത്ര തുടര്‍ന്നു. വഴിയിലെ ഷാപ്പില്‍ ചില്ലറ ബഹളം ഉണ്ടാക്കിയതല്ലാതെ യാത്ര പൊതുവേ ശാന്തമായിരുന്നു.അങ്ങനെ എല്ലാവരും ആ സ്വപ്ന ഭൂമിയില്‍ വന്നെത്തി.
ഒരു കുന്നിന്‍ മുകളില്‍ ഒരു റബ്ബര്‍ തോട്ടം.ആ തോട്ടത്തിന്‍റെ നടുവില്‍ വലിയ കുളവും.


                               സമയം തെല്ലും കളയാതെ കലാ  പരിപാടികള്‍ ആരംഭിച്ചു.കുറച്ചു പേര്‍ വെള്ളമടി തുടങ്ങി.ചിലരാകട്ടെ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തി.പാലയില്‍ നിന്ന് ഉള്ള കൂട്ടുകാരന്‍ കുളത്തില്‍ നീരാടാനും തുടങ്ങി. ഇതേ സമയം ഞങ്ങള്‍ക്കുള്ള ശവപ്പെട്ടി കപിലന്‍റെ അപ്പന്‍ ഉണ്ടാക്കി തുടങ്ങിയിരുന്നു..തന്‍റെ മകനെ പെട്ടിക്കടയില്‍ വെച്ചു കണ്ടു എന്ന കൂട്ടുകാരന്‍റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാവാതെ പുള്ളി സ്കൂളിലേക്കു വിളിച്ചു.കുട്ടി അവിടെ എത്തിയിട്ടില്ല എന്ന  വാര്‍ത്ത‍ കേട്ടപ്പോള്‍ എവിടെ പോയി എന്ന് പ്രിന്‍സിപ്പലിനോട് ചോദിച്ചു.
 "തന്‍റെ മകന്‍ എവിടെ പോയതാണെന്ന് എനിക്കെങ്ങനെ അറിയാം ".....
ഇത് കൂടെ കേട്ടപ്പോള്‍ കപിലന്‍റെ അപ്പന് കലിപ്പായി..ഇതിനു കാരണക്കാരനായ മകനെ തേടി ടൂറിസ്റ്റ് ടാക്സിയില്‍ പുറപ്പെട്ടു.കൂട്ടുകാരനില്‍ നിന്ന്  ലഭിച്ച ക്ലൂ വെച്ചു പുള്ളി വെണ്ണിമലയില്‍ എത്തി..


                          അവിടെ എത്തിയപ്പോള്‍ പുള്ളി കണ്ട കാഴ്ചകള്‍ ഇതെല്ലാമായിരുന്നു.

റബ്ബര്‍ തോട്ടം മുഴുവന്‍ വെള്ള ഷര്‍ട്ടും നീല പാന്‍റ്സും കായ്ച്ചു കിടക്കുന്നു.
ഷര്‍ട്ട് ഇല്ലാതെ പാമ്പുകള്‍ ഇഴഞ്ഞു നടക്കുന്നു .ഈ കൂട്ടത്തില്‍ തന്‍റെ പുത്രനെ തേടി  ആ കണ്ണുകള്‍ തിരഞ്ഞു.കപിലന്‍റെ അപ്പന്‍ വണ്ടിയും കൊണ്ട് വന്നു നില്‍ക്കുന്നത് തോട്ടത്തിന്‍റെ മുകളിലുള്ള ഒരു കലുങ്കിലാണ്.കപിലന്‍ ആകട്ടെ അതെ കലുങ്കിന്‍റെ അടിയില്‍ ഇരുന്നു ചിക്കന്‍ കടിച്ചു പറിക്കുന്നു.മകനെ കണ്ടെത്താനുള്ള അവസാന ശ്രമമായി അവനെ ഉറക്കെ വിളിച്ചു.

                                   "ഡാ കപിലാ ".

കപിലന്‍ അത്യാവശ്യം ഫിറ്റാണ്.കൂട്ടത്തിലുള്ള ഏതോ ഒരുത്തന്‍ വിളിച്ചതാണെന്നു കരുതി അവന്‍ തിരിച്ചു പറഞ്ഞു...
"ഏതു  *&^%$?#$% ആണെടാ എന്നെ വിളിച്ചത്".കലുങ്കിന്‍റെ അടിയില്‍ നിന്നിറങ്ങി നോക്കിയ കപിലന്‍ ഞെട്ടി.ഈ കൊടും തെറി തന്‍റെ അപ്പനെ തന്നെ വിളിച്ചല്ലോ എന്നോര്‍ത്ത് അവന്‍ സങ്കടപ്പെട്ടു.അടിച്ചതിന്‍റെ പൂസെല്ലാം അപ്പാടെ ഇറങ്ങി...
അപ്പന്‍റെ കയ്യില്‍ നിന്ന് തല്ലു വാങ്ങാതെ വണ്ടിയില്‍ പോയി കയറി.
അവന്‍റെ കാര്യമോ അങ്ങനെയായി ...ബാക്കിയുള്ളവര്‍ക്ക് എന്ജോയ്‌ ചെയ്യാം എന്ന് വെച്ചപ്പോളാണ് തോട്ടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ബാഗിന്‍റെ കാര്യം ഓര്മ വന്നത്..കപിലന്‍ ബാഗ്‌ എടുക്കാന്‍ പോയാല്‍ ക്ലാസ്സ്‌ കട്ട് ചെയ്ത എല്ലാവരെയും പോക്കും ഇല്ലെങ്കില്‍ കപിലന്‍റെ അപ്പന്‍ പൊക്കിക്കും..


ഇതെല്ലം ഓര്‍ത്തു എല്ലവന്‍റെയും ചങ്ക് കാളി .. കപിലന്‍ ബാഗ്‌ എടുക്കന്നതിനു മുന്‍പ് ബാക്കി എല്ലാ ബാഗും എടുക്കണം.വേറെ ഒന്നും ആലോചിക്കാന്‍ നിക്കാതെ വഴിയില്‍ കണ്ട പെട്ടി ഓട്ടോ റിക്ഷയില്‍ കയറി റബ്ബര്‍ തോട്ടത്തിലോട്ടു പാഞ്ഞു.ബാഗെല്ലാം കപിലന്‍ എത്തുന്നതിനു തന്നെ മാറ്റി..
രക്ഷപ്പെട്ടു എന്ന് വിചാരിച്ചപ്പോള്‍ ആണ് ഞങ്ങളുടെ പ്രിന്‍സിപ്പലിന്‍റെ വക പണി കിട്ടിയത്..ക്ലാസ്സില്‍ വരാത്ത എല്ലാവരുടെയും വീട്ടില്‍ വിളിച്ചു കുട്ടി എന്തെ വരാത്തത് എന്ന് തിരക്കാന്‍ നിര്‍ദേശിച്ചു ...
                                   ബുദ്ധിപരമായ ഈ നീക്കത്തില്‍ പലരുടെയും ചുവടിളകി. മിക്കവരെയും വീട്ടില്‍ പൊക്കി..നോട്ടപ്പുള്ളികളായ എല്ലാവര്‍ക്കും ടി സി യും എഴുതി വെച്ചു.ഇനി ഒരു പ്രശ്നമുണ്ടായാല്‍  പറഞ്ഞു വിടുമെന്നുള്ള ശാസനവും.അന്ന് ജന്മ ദിനം ആഘോഷിക്കുന്ന കൊച്ചു ബി ക്കും വീട്ടില്‍ നിന്ന്തല്ലു കണക്കിന് കിട്ടി..ഒരിക്കലും മറക്കാനാവാത്ത ജന്മദിന സമ്മാനം...

ഈ ദുരന്തത്തിനു കാരണക്കാരനായ കപിലന്‍റെ അപ്പന്‍ ഇപ്പോളും പുതുപ്പള്ളി യില്‍ കറങ്ങി നടപ്പുണ്ട്.വെണ്ണിമല ദുരന്തതിന്‍റെ ഇരകള്‍ ഇപ്പോളും ആ മുഖം കാണുമ്പോള്‍ പല്ലിരുമാറുണ്ട്.

Monday, June 20, 2011

ട്രയിനിലെ സുന്ദരി

പതിവ്  പോലെ വീണ്ടും ഒരു ജോലി അന്വേക്ഷിച്ചുള്ള യാത്രക്ക് ഞാന്‍ ഇറങ്ങി .എല്ലാ തൊഴില്‍ രഹിതരെ പോലെ ബാംഗളൂര്‍ക് ആണ് എന്റെ യാത്ര.പോകുന്നതിന്‍റെ രണ്ടു ദിവസം മുന്‍പ് ഇന്ത്യന്‍ റയില്‍വേയുടെ വെബ്‌സൈറ്റില്‍ അര മണിക്കൂര്‍ പയറ്റി ഒരു തത്കാല്‍ ടിക്കറ്റ്‌ ഒപ്പിച്ചു. കെട്ടും ഭാണ്ഡവും മുറുക്കി യാത്രക്കിറങ്ങി. എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു ട്രെയിന്‍ കൃത്യ സമയത്ത് തന്നെ എത്തി.എനിക്ക് കയറാനുള്ള ബോഗി തപ്പി പിടിച്ചു കയറി പറ്റി. ബോഗി നിറയെ ഐ ടി  പിള്ളേരാണ്. മിക്കവരും ലാപ്ടോപ് തുറന്നു വെച്ച് എന്തൊക്കെയോ കുത്തി കുറിക്കുന്നു. വേറെ ചിലര്‍ സിനിമ കാണുന്നു.നടന്നു പോകാന്‍ സൈഡ് ചോദിച്ച എന്നെ പുച്ഛത്തോടെ അവര്‍ നോക്കി. ആരെയും മൈന്‍ഡ് ചെയ്യാതെ ബെര്‍ത്ത്‌ ന്റെ അടുക്കലേക്കു ഞാന്‍ നീങ്ങി.

എനിക്ക് നീളം കൂടുതലായത് കൊണ്ടും ആരുടെ ശല്യമില്ലാതെ ഉറങ്ങാനും വേണ്ടി അപ്പര്‍ ബെര്‍ത്ത്‌ ആണ് റിസര്‍വ് ചെയ്തത്.അവിടെ ചെന്ന് നോക്കിയപോള്‍  അതാ എന്റെ ബെര്‍ത്തില്‍ ഒരു സുന്ദരി കിടന്നു പാട്ട് കേള്‍ക്കുന്നു. "അളിയാ മനസ്സില്‍ ആദ്യത്തെ ലഡ്ഡു പൊട്ടി" എന്ന് എന്റെ മനസ് എന്നോട് തന്നെ മന്ത്രിച്ചു..കുറച്ചു സമയത്തിന് ശേഷം ഞാന്‍ സ്വപ്ന ലോകത്ത് നിന്നും തിരിച്ചെത്തി. ആ കുട്ടിയോട് ഞാന്‍ പറഞ്ഞു "ഇത് എന്റെ ബെര്‍ത്ത്‌ ആണ് ".ചെവിയില്‍ വെച്ചിരുന്ന ഹെഡ് സെറ്റ് ഊരി മാറ്റിയിട്ടു അവള്‍ എന്നോട് മൊഴിഞ്ഞു ."വാട്ട്‌??".

ദൈവമേ ചെന്ന് പിടിച്ചത് പുലി വാലാണോ എന്ന് ഞാന്‍ ചിന്തിച്ചു.ഇത് ഏതോ ഇറക്കുമതി സാധനം തന്നെ..ഏതായാലും എനിക്ക്  ബെര്‍ത്ത്‌ കിട്ടിയേ മതിയാവൂ.ഞാന്‍ ബാഗ്‌ തോളത്ത് നിന്നിറക്കുന്ന വഴി അവളോട്‌ പറഞ്ഞു."ദിസ്‌ ഈസ്‌ മൈ ബെര്‍ത്ത്‌".തനിക്കു പറ്റിയ അമളി പുറത്തു കാണിക്കാതെ ആ സുന്ദരി എന്നോട് ക്ഷമ ചോദിച്ചു.എന്നിട്ട് അവള്‍ താഴെ ഇറങ്ങി അവളുടെ അപ്പന്റെ കയ്യില്‍ നിന്ന് ടിക്കറ്റ്‌ വാങ്ങി തന്റെ ബെര്‍ത്ത്‌ ഏതാണെന്ന് ഉറപ്പു വരുത്തി. ഇതേ സമയം ഞാന്‍ എന്റെ ബാഗ്‌ ലോഡിംഗ് തൊഴിലാളികള്‍ ചെയ്യുനത് പോലെ അപ്പര്‍ ബെര്‍ത്തിലേക്ക് അട്ടി മറിച്ചു.ഒരു വിധത്തില്‍ കയറി പറ്റി ഒന്നുറങ്ങാന്‍ തയ്യാറായ ഞാന്‍ ഇടതു വശത്തേക്ക് നോക്കി..അതാ അവള്‍ ...ട്രയിനിലെ സുന്ദരി ...
എന്റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടി.അവള്‍ ഇങ്ങോട്ട് നോക്കും എന്നാ പ്രതീക്ഷയില്‍ ഞാന്‍ കുറച്ചു നേരം അങ്ങോട്ട്‌ തിരിഞ്ഞു കിടന്നു. ആ കിടപ്പ് കതിരേല്‍ വളം വെക്കുന്നതിനു തുല്യമാണെന്ന് എനിക്ക് മനസിലായി.ഞാന്‍ തിരിഞ്ഞു നേരെ കിടന്നു.

ഏതായാലും ഒരു ജോലിക് വേണ്ടി പോകുകയല്ലേ ,കുറച്ചു നേരം എന്തെങ്കിലും പഠിക്കാം എന്ന ലക്ഷ്യത്തോടെ ബാഗില്‍ നിന്ന്  ലെറ്റ്‌ അസ്‌ സീ പുസ്തകമെടുത്തു വായന തുടങ്ങി.പത്തു മിനിറ്റ് തികഞ്ഞില്ല എന്നെ ഉറക്കതിന്ട്ടെ മാലാഖ മാര്‍ വന്നു വിളിച്ചു.(ഈ പദം സംഭാവന ചെയ്ത ടോമിനെ ഇ അവസരത്തില്‍ മരിക്കുന്നു ...സോറി സ്മരിക്കുന്നു..).ആ ഉറക്കം കുറച്ചേറെ നേരം നീണ്ടു നിന്നു.ആരോ എന്റെ കാലില്‍ വന്നു തോണ്ടി.നഷ്ട പെട്ട് പോയ ഉറക്കതിനെയും സ്വപ്നത്തേയും ഓര്‍ത്തു ഞാന്‍ എഴുന്നേറ്റു.അതാ അവന്‍ എത്തിയിരിക്കുന്നു .ടിക്കറ്റ്‌  ഇല്ലാതെ യാത്ര ചെയുന്നവരുടെയും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ്‌ എടുത്തു സ്ലീപര്‍ കോച്ചില്‍ യാത്ര ചെയ്യുന്നവരുടെയും പേടി സ്വപ്നം. " ടി. ടി.ആര്‍ "
 കോഴി കുഞ്ഞുങ്ങള്‍ തള്ള കോഴിയുടെ പുറകെ പോകുന്നത് പോലെ കുറെ പേര്‍ അദേഹത്തെ പിന്‍ തുടരുന്നുണ്ട്.ആര്‍ എ സി ടിക്കറ്റ്‌ ബെര്‍ത്ത്‌ ആക്കാന്‍ ശ്രമികുന്നവരുടെ കൂട്ടമാണ് അത്.എന്റെ കയില്‍ നിന്നു ടിക്കറ്റ്‌ ഉം ഐഡന്റിറ്റി കാര്‍ഡും മേടിച്ചു യാത്ര ചെയുന്ന ആളു ഞാന്‍ തന്നെ ആണോ എന്ന് നോക്കി.ടി ടി ആര്‍ ന്റെ കണ്ണ് കൊണ്ടുള്ള സ്കാന്നിംഗ് കഴിഞ്ഞു മുന്നോട്ടു പോയി.സമയം ഏറെയായി .നല്ല തു പോലെ വിശക്കുന്നുണ്ട് .ഉറക്കത്തിന്റെ മാലാഖമാരെ പോലെ വിശപ്പിന്റെ ചെകുത്താന്മാര്‍ എന്നെ മിസ്ഡ് കാള്‍ അടിച്ചു വിളിക്കുന്നു. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ആണ് ആ സുന്ദരിയുടെ കാര്യം ഞാന്‍ ഓര്‍ത്തത്‌.അവള്‍ ഉറങ്ങിയോ..അവള്‍ ഭക്ഷണം കഴിച്ചോ ഇങ്ങനെ പല ചോദ്യങ്ങളും എന്റെ മനസില്‍ നിന്നുയര്‍ന്നു.ലോവര്‍ ബെര്‍ത്ത്‌ എല്‍ അവള്‍ അപ്പന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഫുഡ്‌ അടിക്കുന്നു.ചപ്പാത്തിയും ചിക്കനും ചോറും എന്ന് വേണ്ട ഒരു പത്തു പേര്‍ക്ക് തിന്നാനുള്ള മുതലാണ് അവര്‍ കഴിക്കുന്നത്‌.


ഭക്ഷണത്തിന് ശേഷം അടുത്ത റൌണ്ട് ഉറക്കത്തിനു വേണ്ടി ഞാന്‍ കിടന്നു.തുടക്കത്തില്‍ എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു എല്ലാം വെറുതെയായി.പുതപ്പു മൂടി കിടന്ന ഞാന്‍ ആ ശബ്ദം കേട്ട് തിരഞ്ഞു നോക്കി. ഞാന്‍ കഴിഞ്ഞ നാലു മണികൂര്‍ആയി കേള്‍ക്കാന്‍ ആഗ്രഹിച്ച   അതെ ശബ്ദം .
"എവിടെ പോകുകയാണ്"അവള്‍ എന്നോട് ചോദിച്ചു 
എന്റെ മനസ്സ് ആനന്ദ തുന്തിലമായി..(ഇങ്ങനെ ഒരു പ്രയോഗം മലയാളത്തില്‍ ഉണ്ടോ എന്ന് എനിക്കറിയാന്‍ മേല ..പക്ഷെ ആ അവസരത്തില്‍ എന്റെ മനസ്സിന്റെ അവസ്ഥ വിവരിക്കാന്‍ ഈ വാക്കേ എനിക്കിപ്പോള്‍ കിട്ടുന്നൊള്ളൂ).
"ബംഗ്ലൂരിലേക്ക് " എന്ന് ഞാന്‍ മറുപടി കൊടുത്തു .
ആ സംഭാഷണം പല മേഖലകളിലൂടെ കടന്നു പോയി.എഞ്ചിനീയറിംഗ് പഠനത്തെ കുറിച്ചും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും ഞാന്‍ വാചാലനായി.(നിങ്ങള്‍ പലരും ഇപ്പോള്‍ വിചാരിക്കുന്നുണ്ടായിരിക്കും ഒരു സുന്ദരി പെണ്‍ കൊടിയോട് ഇവന് വേറൊന്നും സംസാരിക്കാന്‍ കിട്ടിയില്ലേ ..എന്ത് ചെയ്യാം എന്റെ വായില്‍ നിന്നു  അത് മാത്രമേ വരുന്നോല്ല്.) .ഇതിന്റെ ഇടയില്‍ അവളുടെ കുടുംബ വിദ്യാഭാസ വിവരങ്ങള്‍ ഞാന്‍ ചോദിച്ചറിഞ്ഞു. അവളുടേത്‌ ഒരു എന്‍ ആര്‍ ഐ ഫാമിലി .അപ്പനും അമ്മയും വര്‍ഷങ്ങളായി ഗള്‍ഫില്‍ ആണ്.ആ കുട്ടിയടക്കം മക്കള്‍ മൂന്നു പേര്‍ .മൂത്ത ചേച്ചി വിവാഹത്തിന് ശേഷം കേരളത്തില്‍ സെറ്റില്‍ ആയി.രണ്ടാമത്തെ ചേട്ടന്‍ തമിഴ് നാട്ടില്‍ എവിടെയോ ഡോക്ടര്‍ ആകാന്‍ പഠിക്കുന്നു.നമ്മുടെ അല്ല എന്റെ കഥ നായികാ ഏറ്റവും ഇളയ കുട്ടിയാണ് .ബി ആര്‍ക്കിനു പഠിക്കുന്നു.  ഈ സംസരമൊന്നും ചിലര്‍ക് രസിക്കുന്നില്ലായിരുന്നു .അവളുടെ എന്‍ ആര്‍ ഐ തന്തക്കും തള്ളക്കും ..ഓ സഭ്യത ..അവളുടെ മാതാ പിതാക്കള്‍ക്ക്  ഒട്ടുമേ പിടിച്ചില്ലാ .

                                  അവര്‍ താഴെ നിന്നു എന്നെ രൂക്ഷമായി നോക്കി.ഞാന്‍ വക വെക്കാന്‍ പോയില്ല.അല്ലേലും ഒരു സുന്ദരി വര്‍ത്തമാനം പറയുമ്പോള്‍ ആണുങ്ങള്‍ വേറെ ആരെ മൈന്‍ഡ് ചെയ്യാന്‍ . ഞാന്‍ ഒരു എഞ്ചിനീയര്‍ ആണെന്ന് അവള്‍ക് എന്റെ കയ്യിലെ സി യുടെ പുസ്തകം കണ്ടു മനസിലായി..ആ പുസ്തകം കൊണ്ട് എനിക്ക് അങ്ങനെ ഒരു ഉപകാരം ഉണ്ടായി..സുന്ദരി പഠിക്കുന്നത് ഒരു ലേഡീസ് കോളേജില്‍ .. മകളെ ആരും ശല്ല്യപെടുതതിരിക്കാന്‍ എല്ലാ എന്‍ ആര്‍ ഐ തന്തമാരും കണ്ടു പിടിച്ച തന്ത്രം.ഈ വിദ്യ കാരണം എത്ര ചെറുപ്പക്കാരാണ് ഇന്ന് നിരാശയുടെ പടു കുഴിയിലേക്ക് വീണിരികുന്നത്.
ഈ യുവ ജനതയുടെ പ്രതിനിധികരിച്ചു ഞാന്‍ അവളോട്‌ കുറെ കാര്യങ്ങള്‍ പറഞ്ഞു.
"അവടെ ഒക്കെ പോയാല്‍ എങ്ങനെയാ കോളേജ് ലൈഫ് എന്ജോയ്‌ ചെയ്യാന്‍ പറ്റുക..പഠിക്കുകആണെങ്കില്‍ മിക്സെഡ് കോളേജില്‍ തന്നെ പഠിക്കണം .കുട്ടിയെ ആരാ അവിടെ ചേര്‍ത്തത് ...സ്വന്തം തീരുമാനം ആയിരുന്നോ അതോ വേറെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടു ചേര്‍ന്നതാണോ " അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു .താഴെ എന്റെ വര്‍ത്തമാനം കേട്ട് കിടന്ന അവളുടെ അച്ഛനെ കണ്ണ് കൊണ്ട് കാണിച്ചു .ഈ സംഭവത്തിലെ വില്ലന്‍ അച്ഛന്‍ തന്നെ..
പുള്ളിക്ക് ഒരു പണി ഇരിക്കട്ടെ  എന്ന് വെച്ച്  ഞാന്‍ പറഞ്ഞു.."ഓ അച്ഛന്‍ആണല്ലേ അവിടെ ചേര്‍ത്തത് ...ഞാന്‍ ഊഹിച്ചു .."
ഇതും കൂടെ കേട്ടപ്പോള്‍ പുള്ളിക്ക് ഹാലിളകി .തന്റെ ഭാര്യയെ തുറിച്ചൊന്നു നോക്കി.അതോടെ അവളുടെ അമ്മ ചാര്‍ജ് ആയി .ചാടി എഴുന്നേറ്റു ഒരു അലര്‍ച്ച 
"നീ  ഇത് വരെ  ഉറങ്ങിയില്ലേ ".ആ ചോദ്യം എന്നോട് കൂടെയായിരുന്നു.ഞാന്‍ പെട്ടെന്ന് തന്നെ അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുതപ്പിന്റെ മറയിലേക്ക്  മാറി.അവളും ഒന്ന് പുഞ്ചിരിച്ചു. ഉറങ്ങാന്‍ പോകുവാണെന്ന് അവള്‍ കണ്ണുകളുടെ ചലനങ്ങളില്ലൂടെ എന്നെ അറിയിച്ചു.


മുപ്പതു മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദരി കിടക്കുന്ന ബെര്‍ത്തില്‍ ഒരു ശബ്ദം .പുതപ്പു മാറ്റി ഞാന്‍ നോക്കി.അവളുടെ 90 കിലോ ഉള്ള അപ്പന്‍ അപ്പര്‍ ബെര്‍ത്തിലേക്ക് വലിഞ്ഞു കയറുന്നു .സുന്ദരിയെ മിഡില്‍ ബെര്‍ത്തിലേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍  ചെയ്തു. 
അമ്മ ലോവര്‍ ബെര്തിലും ..ആകെ കൂടെ ഒരു വി വി ഐ പി ട്രീറ്റ്‌മെന്റ്.ഞാന്‍ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി. രാത്രി മൂന്നു മണിയായപ്പോള്‍ സുന്ദരിയും കുടുംബവും ട്രെയിനിനോട് വിട പറയാന്‍ ഒരുങ്ങി .ബാഗ്‌ എല്ലാം എടുത്തു കൊണ്ട് അപ്പന്‍ ആദ്യം പോയി പുറകെ അമ്മയും..ഏറ്റവും പുറകിലായി സുന്ദരിയും.ഇറങ്ങുന്നതിനു മുന്‍പ് അവള്‍ തിരിഞ്ഞു നിന്നു എന്നെ കൈ വീശി ...കൂട്ടത്തില്‍ മധുര  ശബ്ധത്തില്‍ ഒരു ഗുഡ് നൈറ്റും .
പാതി ഉറക്കത്തില്‍ നിന്നു ഞാനും തിരികെ കൈ വീശി ..
ട്രെയിന്‍ നിന്നു ....അവരെല്ലാം യാത്രയായി ..ഇനി ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്ത ആ സുന്ദരിയെ ഓര്‍ത്തു ഞാനും കിടന്നു...


ഈ പോസ്റ്റ്‌ നിറയെ അച്ചടി അല്ല ടൈപ്പ്  പിശാശിന്റെ വിളയാട്ടമാണ്. എല്ലാവരും പൊറുക്കുക .

Saturday, January 1, 2011

എന്‍ട്രന്‍സ് കോച്ചിംഗ് ...ഒരു തിക്താനുഭവം

എന്‍ട്രന്‍സ് കോച്ചിങ്ങിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് അത്ര നല്ല അനുഭവമല്ല ഉള്ളത്.എല്ലാ നദികളും ഒഴുകി അവസാനം കടലില്‍ എത്തുന്നത്‌ പോലെ ഏതൊരു പ്ലസ്‌ 2കാരനെ  പോലെ ഞാനും എത്തി ചേര്‍ന്നത്‌ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ട്രരില്‍..പാല brilliant .ഒരു മാസം കൊണ്ടു എന്ട്രന്‍സ്സിനു പഠിക്കാനുള്ള ആ ത്വര മാറി കിട്ടി.പിന്നെ ഓരോ ഞായറാഴ്ചയും എങ്ങനെയെങ്കിലും കഴിഞ്ഞു  കിട്ടിയാല്‍ മതിയെന്നായി.എന്താണെന്നറിയില്ല ഞായറാഴ്ച രാവിലെ ആകുമ്പോള്‍ ഒരു പനിയും വിറയും വരും..അമ്മയോട് ഇന്ന് ഞാന്‍ പോകണോ വേണ്ടയോ എന്നു കട്ടിലേല്‍ കിടന്നു ദയനീയമായി ചോദിക്കും..ഇത് കേട്ടിട്ടു എന്‍റെ പ്ലസ്‌ 1 പഠനത്തെ കുറിച്ച് അമ്മ ആകെകൂടി ഒന്ന് പറഞ്ഞു കേള്‍പ്പിക്കും .ഈ കഥ വീണ്ടും കേള്‍ക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടു പാലയിലേക്ക് പോകാനിറങ്ങും.

പോകാനുള്ള ബസ്സേല്‍ കയറിയാല്‍ എനിക്ക് വീണ്ടും ചൊറിഞ്ഞു വരും..കോച്ചിങ്ങിന് പോകുന്ന കുട്ടികളാണ് രാവിലത്തെ യാത്രക്കാരില്‍ ബഹു ഭൂരിപക്ഷവും .വീട്ടില്‍ ഇരുന്നു പഠിക്കാന്‍ സമയം കിട്ടാത്തതാണോ അതോ ബസ്സേല്‍ കയറിയപ്പോള്‍ exam ന്‍റെ  കാര്യം ഓര്‍ത്തതാണോ ,എല്ലാ കുട്ടികളും ഇരുന്നു മുടിഞ്ഞ പഠിത്തം.കണ്ടക്ടര്‍ക്ക് പോലും അവരെ ഈ പഠനത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ പേടിയാണ്..ചിലര്‍കൊക്കെ ബാക്കിയുള്ള പൈസ പോക്കറ്റില്‍ ഇട്ടു കൊടുക്കുന്നു.അത് മേടിച്ചു വെക്കാന്‍ പോലും സമയം കളയാന്‍ പോലും ഈ കൂട്ടര്‍ തയ്യാറല്ല...

centril രാവിലെ ചെല്ലുമ്പോള്‍ തന്നെ എക്സാമുണ്ട്.. മിക്കവാറും എന്‍റെ എഴുത്ത് പെട്ടെന്ന് തന്നെ കഴിയും..അഞ്ചു വൃത്തങ്ങളില്‍ ഒന്ന് കറുപ്പിക്കാനാണോ ഇത്രെയും വല്യ പാട്.എന്നിലുള്ള ചിത്രകാരനെ കണ്ടെത്താന്‍ ഈ എക്സാമുകള്‍ എന്നെ സഹായിച്ചു.പല patternil ഞാന്‍ ആ അറുപതു വൃത്തങ്ങള്‍ കറുപ്പിച്ചു.ചക്ക വീണു മുയല് ചാകുന്നത് പോലെ ചിലതൊക്കെ ശരിയാകും,ചിലത് തെറ്റും..ഭാഗ്യത്തിന് ഇത് വരെ നെഗറ്റീവ് മാര്‍ക്ക്‌ കിട്ടിയട്ടില്ല...കിട്ടുന്ന മാര്‍ക്ക്‌ വീട്ടില്‍ കാണിച്ചു അച്ഛന്‍റെ ഒപ്പ് മേടിച്ചോണ്ട് വരണം എല്ലാ ആഴ്ചയും..ഒപ്പ് ഇല്ലേല്‍ അവര്‍ വീട്ടില്‍ വിളിക്കും.എന്തിനാ വീട്ടുകാരെയും brillaiant കാരെയും ബുദ്ധിമുട്ടിക്കുന്നത് എന്നു കരുതി ഞാന്‍ തന്നെ അങ്ങ് ഒപ്പിട്ടു കൊടുക്കും..അങ്ങനെ ക്രിസ്തുമസിനു കൊല്ലാന്‍ വീട്ടില്‍ പൂവന്‍ കോഴിയെ വളര്‍ത്തുന്നത് പോലെ എല്ലാ കുട്ടികളെയും അവര്‍ ഒരു വര്‍ഷം പഠിപ്പിച്ചു വളര്‍ത്തി .

coaching ന്‍റെ  അവസാനമായപ്പോള്‍ ക്ലാസ്സില്‍ കയറാന്‍ പോലും മടിയായി..അങ്ങനെയുള്ള ഒഴിവു വേളകള്‍ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി വിനയോഗിച്ചു.ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഒട്ടു മിക്ക സിനിമകളും കണ്ടു..ക്ലാസ്സില്‍ എത്താത്ത കുട്ടികളുടെ വീട്ടില്‍ വിളിച്ചു കാരണം അന്വേക്ഷിക്കുന്ന തെറ്റായ ഒരു കീഴ് വഴക്കം കോച്ചിംഗ് centril ഉണ്ട്..ഇങ്ങനെയുള്ള വിളിക്കു തടയിടാന്‍ ഞാന്‍ ഉത്തരത്തേല്‍ കൂടി പോകുന്ന ഫോണിന്‍റെ വയര്‍ മുറിച്ചു വെച്ചിരുന്നു .ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന ദിവസം വയര്‍ വിടുവിച്ചു വെക്കും.അല്ലാത്ത ദിവസം കൂട്ടി യോജിപ്പിച്ചും..ഈ കലാപരിപാടികള്‍ അഭംഗുരം ഞാന്‍ തുടര്‍ന്നു പോന്നു..

               വീണ്ടും ഒരു ഞായറാഴ്ച വന്നെത്തി..കഴിഞ്ഞ രണ്ടു ആഴ്ച്ചകളിലും കോച്ചിങ്ങിന് പോയതിനാല്‍ അന്ന് പടത്തിനു പോകാനുറച്ചു.പല്ല് ബ്രഷ് ചെയ്യുന്നതിനിടെ ഫോണ്‍ വയര്‍ മുറിച്ചു മാറ്റി വെച്ചു.. പാലാക്ക് പോകുന്നതിനു പകരം കോട്ടയതോട്ടുള്ള ബസ്സേല്‍ കയറി..
തിയറ്ററില്‍ എത്തിയപ്പോള്‍ നമ്മുടെ കമ്പനി പിള്ളേര് മുഴുവന്‍ അവിടെ..അനുപമയില്‍ കയറി പുതു മുഖങ്ങള്‍ അഭിനയിച്ച "കൊട്ടേഷന്‍ " എന്ന പടം കണ്ടു ..വൈകുന്നേരം വരെ സമയം കൊല്ലാന്‍ വേണ്ടി ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ പോയി... അവിടെ ചെന്നതിനു ശേഷം എനിക്ക് ഒരു ഉള്‍വിളി ...എന്തോ വേണ്ടാത്തത് സംഭവിച്ചു എന്നു ഒരു തോന്നല്‍ ...ക്ലാസ്സ്‌ കട്ട്‌ ചെയ്ത കാര്യം വീട്ടുകാര്‍ അറിഞ്ഞോ എന്നൊരു ഭയം.എന്‍റെ ഈ അവസ്ഥ കണ്ടു ഒരു കൂട്ടുകാരന്‍ പറഞ്ഞു "ഡാ ,ഞാന്‍ നിന്‍റെ വീട്ടിലോട്ടു ഒന്ന് വിളിച്ചു നോക്കാം..ഫോണ്‍ വര്‍ക്ക്‌ ചെയ്താലല്ലേ പ്രശ്നമുള്ളൂ ...ഈ വിളിയോടെ എല്ലാം നേരെയാകും..".
അവന്‍റെ നാവ് പൊന്നായിരിക്കട്ടെ..എന്‍റെ കാര്യം എല്ലാം അതോടെ റെഡി ആയി..ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തത്‌ അമ്മ..അവനാകട്ടെ ഫോണ്‍ ആരും എടുക്കുമെന്നുള്ള ഒരു പ്രതീക്ഷയുമില്ലയിരൂന്നു ..ഞാന്‍ വീട്ടില്‍ ഉണ്ടോ എന്നു അവന്‍ ഒരു വിധത്തില്‍ ചോദിച്ചു..
"അവന്‍ ഇവിടെയില്ല ...പോയിരിക്കുകയാ.."എന്ന അമ്മയുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി..ഇന്നത്തോടെ എന്‍റെ എല്ലാ വിധ കലാ കായിക പരിപാടികള്‍ക്കും അന്ത്യം കുറിച്ചെന്നു മനസിലായി..

കുറച്ചു സമയത്തിനകം ഞാന്‍ വീട്ടിലെത്തി..അമ്മ കരഞ്ഞു കൊണ്ടു നില്‍ക്കുന്നു...ചേച്ചിമാരെല്ലാം എന്‍റെ അവസ്ഥയില്‍ സഹതപിക്കുന്നു...ഒരു വിധത്തില്‍ അമ്മയെ പറഞ്ഞു ഞാന്‍ സമാധാനിപ്പിച്ചു..എല്ലാവരും പറയുന്ന പതിവ് വാഗ്ദാനങ്ങള്‍ തന്നെ..ഇനി തൊട്ടു ഞാന്‍ നന്നായി പഠിച്ചോളം ...ഇത് മേലില്‍ ആവര്‍ത്തിക്കില്ല ...എന്നൊക്കെ.. ആ ദിവസം തന്നെയായിരുന്നു എന്‍റെ വല്യപ്പച്ചന്‍റെ ബര്‍ത്ത് ഡേ..ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ എല്ലാ ആന്‍റിമാരും വീട്ടില്‍ ഉണ്ടായിരുന്നു അന്ന്.. എന്‍റെ പഠനത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്കെല്ലാം അപ്പോള്‍ മനസ്സിലായി..അന്ന് വരെ എനിക്കുണ്ടായിരുന്ന അര ഉഴപ്പന്‍ ഇമേജ് മാറി ഫുള്‍ ഉഴപ്പന്‍ ഇമേജ് ആയി..

ബഹളങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അടങ്ങിയപ്പോള്‍ എന്താണ് അന്ന് വീട്ടില്‍ സംഭവിച്ചത് എന്നു ചേച്ചിയോട് ചോദിച്ചു മനസിലാക്കി..അച്ഛന്‍ ചുക്കിലി തൂക്കുകയായിരുന്നു ..അപ്പോളാണ് ഫോണ്‍ വയര്‍ വിട്ടു കിടക്കുന്നത് കണ്ടത്..വല്ല എലി കരണ്ടതായിരിക്കും എന്നു വെച്ചു അത് യോജിപ്പിച്ചു..ഏതാനും സമയം കഴിഞ്ഞപ്പോള്‍ പാലായില്‍ നിന്ന് വിളിയെത്തി..ഇന്ന് മകന്‍ എന്താ വരാത്തത് എന്നവര്‍ അമ്മയോട് ചോദിച്ചു.അമ്മ പറഞ്ഞു അവന്‍ രാവിലെ തന്നെ ഇവിടെ നിന്ന് ഇറങ്ങിയതാണല്ലോ..ഇത് കേട്ടപ്പോള്‍ തങ്ങള്‍ക്കു തെറ്റ് പറ്റിയതായിരിക്കും എന്നു വെച്ചു അവര്‍ എന്നെ തിരക്കി ക്ലാസ്സുകളില്‍ ഇറങ്ങി..മൈക്കില്‍ കൂടി എന്‍റെ പേര് അന്നൌന്‍സ് ചെയ്തു ...
ഞാന്‍ അവിടെ എത്തിയട്ടില്ല എന്ന വാര്‍ത്ത‍ വീട്ടില്‍ വിളിച്ചു  അറിയിച്ചു..


ഞാന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങിയ കാര്യത്തിന് അതോടെ വീട്ടില്‍ സ്ഥിരീകരണം ആയി..
ഇതോടെ ഞാന്‍ എന്‍റെ ഞായറാഴ്ച പടം കാഴ്ചക്ക് സമാപനം ആയി..അന്നത്തെ സംഭവത്തോടെ ഞാന്‍ പാലായില്‍ അത്യാവശ്യം അറിയപ്പെടുന്നവനായി..ആര്‍ക്കും എന്നെ കണ്ടാല്‍ അറിയില്ല..പക്ഷെ എന്‍റെ പേരു മിക്ക കുട്ടികള്‍ക്കും സുപരിചിതമായി..എന്നോട് തന്നെ ഒരു കുട്ടി ലാസ്റ്റ് സണ്‍‌ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്ത "ആ" കുട്ടിയെ(അതായതു എന്നെ തന്നെ)അറിയാമോ എന്നു ചോദിച്ചിരുന്നു  .ഈ സംഭവത്തോടെ  വീട്ടു കാര്‍ എഞ്ചിനീയറിംഗ് management സീറ്റിനായുള്ള അന്വേക്ഷണം ആരംഭിച്ചു..

Wednesday, December 29, 2010

PG life

ബി ടെക് പഠനം കഴിഞ്ഞു എല്ലാ എഞ്ചിനീയറിംഗ് കാരെ പോലെ ഞാനും ജോലി തിരക്കി   ഇറങ്ങി. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്ക് ഇല്ലാത്തതാണോ അതോ അവരുടെ സ്റ്റാന്‍ഡേര്‍ഡ് നമുക്ക് ഇല്ലാത്തതാണോ മിക്ക കമ്പനികാരും എന്നെ പറഞ്ഞു വീട്ടില്‍ വിട്ടു. ഒരു വര്‍ഷം കഴിഞ്ഞു എനിക്ക്  ബോധോദയം ഉണ്ടായി. ഈ പറഞ്ഞത് കള്ളു കുടിച്ചു കഴിഞ്ഞു അത് ചെയ്യെണ്ടാതില്ല എന്ന് കുടിയന്മാര്‍ക് തോന്നുന്ന അതെ ബോധോദയം ആണ്. ഇനി എന്‍റെ ഭാവി ടീചിങ്ങില്‍ ശോഭികുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് വിചാരിച്ചു തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചു .(ഈ സാഹസം എത്ര കുട്ടികളുടെ ഭാവിയെ ബാധികുമെന്നു കണ്ടറിയാം ).

        ഇത് വായിക്കുന്ന പലര്ക്കും തോന്നാം ഞാന്‍ അത്രക്കും പഠിപ്പിസ്റ്റ് ആണോ എന്നു. ഒരു വര്‍ഷം ജോലി തിരക്കി കിട്ടാതവനു ഉള്ള ഏക വഴിയാണ് പഠനം. പെണ്‍കുട്ടികളാണെങ്കില്‍ പൈസ കൊടുത്തു കെട്ടിചെങ്കിലും വിടാം, പക്ഷെ ആണുങ്ങളുടെ കാര്യം അങ്ങനെ അല്ലല്ലോ.

    അങ്ങനെ ഞാന്‍ തമിഴ് നാട്ടില്‍ ഒരു പേരെടുത്ത കോളേജില്‍ ചേര്‍ന്നു. അവിടെ ചെന്നപ്പോള്‍ സെമെണ്ടിനും മണ്ണിനും വിലയില്ലാത്ത നാടാണോ അത് എന്നു തോന്നിപ്പോയി.
വെറുതെ കെട്ടിടങ്ങള്‍ പണിതു ഇട്ടിരുക്കുന്നു .ഇവിടെ ഒരു നില വീട് പണിയന്‍ ശരാ ശരി മലയാളീ പാട് പെടുംപോലാണിത് .
                            ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ പണി പാളി എന്നു തിരിച്ചറിഞ്ഞു.പറമ്പില്‍ പണിക്കു വിളിക്കുന്നവനെ കൊണ്ട് ബൈപാസ് സര്‍ജറി ചെയ്യുന്നതു പോലെ  എന്തൊക്കെയോ ആരോ ചിലര്‍ പഠിപ്പിക്കുന്നു. എല്ലാം മോശം പറയാന്‍ പാടില്ലാലോ,ചില സ്റ്റാഫ്‌ കൊള്ളാം.ഈ പഠിപ്പീര് കണ്ടിട്ട് ബി ടെക് നു പഠിപ്പിച്ച സാറുമാരെ ഓര്‍ത്തു അവരെത്ര ഭേതം എന്നു നെടുവീര്‍പിട്ടു.

   ക്ലാസ്സോ അങ്ങനെ ആയി.ഇനി ഹോസ്റ്റല്‍ ലൈഫ് എങ്കിലും ആസ്വദിക്കാം എന്നു വിചാരിച്ചപ്പോള്‍ അവിടെയും എട്ടിന്റ്റെ പണി കിട്ടി.അഡ്മിഷന്‍ എടുത്തപ്പോള്‍ പറഞ്ഞ പല കാര്യങ്ങളും ഹോസ്റ്റലില്‍ ഇല്ല. ഇരുപത്തിനാല് മണിക്കൂറും വെള്ളമുണ്ടെന്നു പറഞ്ഞ സ്ഥലത്ത് വെള്ളം വരുന്നത് രണ്ടു മണിക്കൂര്‍ മാത്രം.ഇവിടെ വെള്ളത്തില്‍ കിടന്നു അര്‍മാദിച്ച എന്‍റെ ഒരു ഗതി കേടു .(ഏതു വെള്ളമാണെന്നു  അവനൊന്റ്റെ ഉചിതത്തിനു വിട്ടിരിക്കുന്നു).റൂമിലെ ആറു പേര്‍ക്കും ഒരു മണിക്കൂറ്‌ കൊണ്ടു പ്രാഥമിക കൃത്യങ്ങളെല്ലാം നിര്‍വഹിക്കണം.മലയാളികള്‍ക് പൊതുവേ ഒരു വിചാരം ഉണ്ട് നമ്മള് മാത്രമേ കുളിക്കതോള്ളൂ എന്നു ,പക്ഷെ എല്ലാം വിചാരിക്കുന്ന പോലെയല്ല.തമിഴനും തെലുന്ഗ്ഗ്നും എല്ലാം മുടിഞ്ഞ കുളി ..കുളിയോടു കുളി ....
          അവരുമായി അഡ്ജസ്റ്റ് ചെയ്തു പോകാന്‍ ഞാനും തീരുമാനിച്ചു...കുളികളുടെ എണ്ണം ഞാന്‍ കുറച്ചു...ടോയിലെറ്റില്‍ പോകുന്നത് പിന്നെയും കുഴപ്പമില്ല..പ്ലസ്‌ ടുവില്‍ പഠിച്ച കാലത്ത് സിനിമ ടിക്കറ്റ്‌ എടുക്കാന്‍ ക്യുവില്‍ നിന്നത് ഇവിടെ എന്റ്റെ തുണക്കു എത്തി.

      ഭക്ഷനതിന്റ്റെ കാര്യത്തില്‍ മാത്രം ഒരു കുഴപ്പവും ഇല്ല.കോഴിയെ തിന്നു മടുക്കാം..കോഴിയെ എന്നു പറഞ്ഞത് കോഴി കറിയല്ല...കിട്ടുന്നത് വേവിച്ച കോഴി തന്നെ..
പക്ഷെ മസാലയും ഉപ്പും ഒന്നുമില്ലാത്ത ഒരു സാധനം...അതോടെ കോഴിയെ പോലും വെറുത്തു പോയി...പകല് മുഴുവന്‍ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ കാപ്പി കിട്ടും ..എല്ലാ മലയാളികളും കൃത്യമായി മെസ്സില്‍ എത്തുന്നത്‌ അപ്പോള്‍ മാത്രം...വായില്‍ വെക്കാന്‍ കൊള്ളുന്ന പപ്സോ ബന്ണോ എന്തെങ്കിലും കിട്ടുഅന്നത് കൊണ്ടാണിത്..കടിയുമായി വരുന്ന ചേട്ടന്മാര്‍ക് ഇരു വശവും അംഗ രക്ഷകന്മാരുണ്ട്. പപ്സും കൊണ്ടുള്ള ഇവരുടെ വരവ് കണ്ടാല്‍ ബാങ്കില്‍ നിന്ന് പൈസ കൊണ്ടു പോകുന്നത് പോലെയാണ്...ഒരു ചെറിയ അടി പിടി നടത്തി കിട്ടുന്ന പപ്സും മേടിച്ചു തിരിച്ചു വീണ്ടും ഹോസ്റ്റലില്‍ ഇതും.

ചെല്ലുമ്പോള്‍ തന്നെ വൈകുനെരത്തെ കോട്ട വെള്ളമെതും. അലക്കാനുള്ളത് അലക്കിയിടും ...സമയമുണ്ടെങ്കില്‍ ഒരു കുളിയും പാസാക്കി രാത്രി ഭക്ഷണത്തിനുള്ള ബെല്ലും കാത്തു കിടക്കും...


വായിക്കുന്നവര്‍ക് വേണ്ടി
ഓര്‍കുടും ഫേസ് ബുക്കും മടുത്തപ്പോള്‍ സമയം പോകാന്‍ വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്‌.
ബ്ലോഗ്‌ ആകുന്ന സാഗരത്തിന്റെ തീരത്ത് കക്കയും ചിപ്പിയും പെറുക്കി തുടങ്ങുന്ന ഈ തോന്ന്യവാസിക്കു അതില്‍ നീന്തി തുടിക്കുന്ന നിങ്ങളുടെ ഉപദേശം വളരെ വിലപ്പെട്ടത് ആയിരിക്കും..