Saturday, August 10, 2013

ആങ്ങള


18 വർഷത്തെ  പഠനത്തിനു ശേഷം ഒരു ജോലി തരമായി . 4 മാസത്തെ ട്രെയിനിംഗ്  വേണ്ടി കാക്കനാട് ഇൻഫൊപാർക്കിൽ എത്തി. തുടക്കം മോശമായില്ല. വന്നു കയറിയ അടുത്ത ആഴ്ച തന്നെ ആദ്യ പരീക്ഷ. ബാച്ചിൽ ഉള്ള ചാവേറ് "ബോറി മോൻ " സഹായിച്ചത് കാരണം രക്ഷപ്പെട്ടു.


                                      2 മാസം പെട്ടെന്ന് കടന്നു പോയി. ട്രെയിനിംഗ്  ബാച്ചിലെ മിക്ക പിള്ളേരുമായി കമ്പനിയായി .(ഞാനാണ്‌ ബാച്ചിലെ മൂത്താപ്പ . അത് കൊണ്ട് ബാക്കിയെല്ലാവരും പിള്ളേര് തന്നെ ).  ദിവസം മുഴുവൻ ബോറടിച്ചു കഴിയുമ്പോൾ ഒന്ന് എൻജോയ് ചെയ്യാൻ അല്ലെങ്കിൽ മനസ്സിനെ  ആനന്ദ തുന്തിലമാക്കാൻ "നിളയെ " കാണാൻ 6 മണിയാകുമ്പോൾ പോകും. നിള എന്നാ സുന്ദരിയെ മനസ്സിൽ സങ്കല്പ്പിക്കാൻ വരട്ടെ. ഇൻഫൊപാർക്കിലെ ഒരു തരക്കേടില്ലാത്ത restaurant ആണ് നിള .


"നിള "

                 യുവമിഥുനങ്ങളുടെയും  ഒറ്റയാന്മാരുടെയും വിഹാര കേന്ദ്രം. ജോലി തിരക്കിനിടയിൽ സൗകര്യമായി  സൊള്ളാൻ പറ്റിയ സ്ഥലം. എന്നെ പോലെയുള്ള ഒറ്റയാന്മാർക്ക് ഒരു "Paid Mouth Looking Center". എല്ലാ കമ്പനികളിലെ  തരുണി മണികളെ കണ്ടു നിർവൃതി അടയുന്ന ആണ്‍ പ്രജകളുടെ ഒരു അഭയ കേന്ദ്രം . പക്ഷെ ഇതൊന്നും പൈസ മുടക്കില്ലാതെ നടക്കില്ല.എന്തെങ്കിലും ഒക്കെ മേടിച്ചു കൊറിച്ചു ഹോട്ടലുകാരെയും   ബോധിപ്പിക്കണം. ചെറുപ്പകാലത്ത് കഴിക്കാൻ ഇഷ്ടമില്ലാതെ ക്രിക്കറ്റ്‌ കളിച്ചു കളഞ്ഞ കൊഴുക്കട്ടയാണ് ഈ കലാപരിപാടികൾക്ക് വേണ്ടി കാശു കൊടുത്തു മേടിച്ചു കഴിക്കുന്നത്‌..
ഈ കഥ വീട്ടിൽ അമ്മ അറിഞ്ഞാൽ "കൊഴുക്കെട്ട " sentiments" അടിക്കും. ഇതെല്ലം രഹസ്യമായി വെക്കുന്നതാണ് അതിലും ഭേദം.

          ഇനി സംഭവ ദിവസം ....
                             ആറു മണി കഴിഞ്ഞതോടെ നിളയിൽ ഹാജരായി . കൂട്ടുകാരൊക്കെ ഭക്ഷണം ഓർഡർ ചെയ്യാൻ പോയി. ഞാൻ എന്റെ മടി കാരണം പോയില്ല (അത്രേം നേരം കൂടെ വല്ലോരേം കണ്ടിരിക്കാമല്ലോ ). അങ്ങനെ പരിസര നിരീക്ഷണം നടത്തുമ്പോൾ ആണ് ആ സുന്ദരിയെ കണ്ടത്.
എവിടെയോ കണ്ടു നല്ല പരിചയം. മനസ്സിൽ പല തവണ ആലോചിച്ചിട്ടും ആളെ ഓർമ്മ കിട്ടുന്നില്ല. ഇങ്ങനെ തല പുകഞ്ഞിരിക്കുമ്പോൾ അവൾ എന്നെയും നോക്കി. ഇതേ പോലുള്ള സന്ദർഭങ്ങളിൽ കണ്ണ് പെട്ടെന്ന് വെട്ടിക്കുകയോ, വരാത്ത ഫോണ്‍ കോൾ അറ്റൻഡ് ചെയ്യുകയുമാണ് വേണ്ടത്. ഈ പറഞ്ഞ രണ്ടു കാര്യങ്ങൾക്കും എനിക്ക് പറ്റിയില്ല.  പിന്നെ ചമ്മിയാണേലും  ഒന്ന് ചിരിച്ചു കാണിച്ചു .

                            അപ്രതീക്ഷിതമായി അവളും എന്നെ ചിരിച്ചു കാണിച്ചു. ആ ചിരിയോടെ ഞാൻ വീണ്ടും തല പുകയ്ക്കാൻ  തുടങ്ങി. മണിച്ചിത്രത്താഴിലെ നാഗവല്ലി ചോദിക്കുന്നത്  പോലെ ഞാൻ എന്നോട് തന്നെ വീണ്ടും ചോദിച്ചു "യാരത് ". ചിരിക്കു ശേഷം എന്ത് എന്ന് ആലോച്ചിരുന്ന  എന്റെ അടുത്തേക്ക് അവൾ പതുക്കെ നടന്നു വന്നു.


                           അവളുടെ ഓരോ കാലടിക്കും എന്റെ ഹൃദയം 10 ഇടിപ്പെങ്കിലും കൂടുതൽ അടിച്ചോണ്ടിരുന്നു . അതെ അവൾ എന്റെ മേശയുടെ അടുക്കലേക്കു  തന്നെയാണ് വരുന്നത്. അറ്റ കൈക്കു പറയേണ്ട ഡയലോഗ്സ് ഞാൻ മനസ്സില് പറഞ്ഞു റിവിഷൻ ചെയ്തു. അപ്പോളേക്കും ആ ചോദ്യം എത്തി .

"എന്നെ ഓർമയുണ്ടോ "........  ഞാൻ പ്രതീക്ഷിച്ച ചോദ്യം അല്ല . ഹാവൂ രക്ഷപെട്ടു .
"ഓർമ്മ കിട്ടുനില്ലാ " നിഷ്കളങ്കതയോടെ ഞാൻ പറഞ്ഞു.

അവൾ തുടർന്നു " നമ്മൾ മുൻപ് കണ്ടിട്ടുണ്ട് ". ഇതോടെ ഞാൻ എന്റെ ഓർമ്മയെ പ് രാകി .... ഞാൻ പഠിച്ച കലാലയങ്ങളുടെ ലിസ്റ്റ് പറഞ്ഞു തടി തപ്പാൻ നോക്കി . ചിരിച്ചോണ്ട് അവിടെ വെച്ചോന്നുമല്ല കണ്ടത് എന്ന് പറഞ്ഞ ആ കുട്ടിയുടെ മുൻപിൽ ഞാൻ പരാജയം സമ്മതിച്ചു.

                                                 അവശമായ എന്റെ മുഖം കണ്ടിട്ട് അവൾ പറഞ്ഞു.
"...........ടെ ആങ്ങളയല്ലേ ... ഞങ്ങൾ എഞ്ചിനീയറിംഗ് ക്ലാസ്സ്‌ മേറ്റ്സ് ആണ്. അവളെ കൂട്ടാൻ വന്നപ്പോൾ നമ്മൾ കണ്ടിട്ടുണ്ട്." എന്താ ഇനി പറയുക ഇനി ചെയ്യുക എന്നറിയാതെ തലയ്ക്കു അടി കിട്ടിയ ആളെ പോലെ ഞാൻ അവിടെ ഇരുന്നു. ആകെ ചളമായി . സ്വന്തം ചേച്ചിയുടെ സുഹൃത്തിനെയാണ്  ഇത്രേം നേരം വായി നോക്കിയത്. ഭക്ഷണം മേടിക്കാൻ പോയവര് ഒന്ന് വിളിച്ചിരുന്നേൽ  എന്ന് ആഗ്രഹിച്ചു ,അവർ വിളിച്ചില്ല . ചേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു  ശേഷം ആ "ചേച്ചി" പറഞ്ഞു.

"അവളുടെ ഫോണ്‍ നമ്പർ തരുമോ.ഒത്തിരി നാളായി വിളിച്ചിട്ട് ". മനസില്ലാ മനസ്സോടെ നമ്പർ കൊടുത്തു. മൊബൈലിൽ സേവ് ചെയ്തതിനു ശേഷം "ചാച്ചി " വിട പറഞ്ഞു പോയി. അതിനു ശേഷം എന്താണെന്നു അറിയില്ല സ്വന്തം ചേച്ചിയോട് വല്ലാത്ത ഒരു സ്നേഹം. എല്ലാ ദിവസവും ഫോണ്‍ വിളിക്കും ".ചോറുണ്ടോ?? ആരൊക്കെ വിളിക്കാറുണ്ട് ??" എന്നൊക്കെ ഭയങ്കര അന്വേക്ഷണം ആണിപ്പോൾ. 


                                  ഏതു  സുന്ദരികൾ ചിരിച്ചു കാണിച്ചാലും എന്റെ മനസിൽ മുഴങ്ങുന്ന ശബ്ദം  ഇതാണ്.

                                   ".........ടെ ആങ്ങളെയല്ലേ "