Saturday, January 1, 2011

എന്‍ട്രന്‍സ് കോച്ചിംഗ് ...ഒരു തിക്താനുഭവം

എന്‍ട്രന്‍സ് കോച്ചിങ്ങിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് അത്ര നല്ല അനുഭവമല്ല ഉള്ളത്.എല്ലാ നദികളും ഒഴുകി അവസാനം കടലില്‍ എത്തുന്നത്‌ പോലെ ഏതൊരു പ്ലസ്‌ 2കാരനെ  പോലെ ഞാനും എത്തി ചേര്‍ന്നത്‌ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ട്രരില്‍..പാല brilliant .ഒരു മാസം കൊണ്ടു എന്ട്രന്‍സ്സിനു പഠിക്കാനുള്ള ആ ത്വര മാറി കിട്ടി.പിന്നെ ഓരോ ഞായറാഴ്ചയും എങ്ങനെയെങ്കിലും കഴിഞ്ഞു  കിട്ടിയാല്‍ മതിയെന്നായി.എന്താണെന്നറിയില്ല ഞായറാഴ്ച രാവിലെ ആകുമ്പോള്‍ ഒരു പനിയും വിറയും വരും..അമ്മയോട് ഇന്ന് ഞാന്‍ പോകണോ വേണ്ടയോ എന്നു കട്ടിലേല്‍ കിടന്നു ദയനീയമായി ചോദിക്കും..ഇത് കേട്ടിട്ടു എന്‍റെ പ്ലസ്‌ 1 പഠനത്തെ കുറിച്ച് അമ്മ ആകെകൂടി ഒന്ന് പറഞ്ഞു കേള്‍പ്പിക്കും .ഈ കഥ വീണ്ടും കേള്‍ക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടു പാലയിലേക്ക് പോകാനിറങ്ങും.

പോകാനുള്ള ബസ്സേല്‍ കയറിയാല്‍ എനിക്ക് വീണ്ടും ചൊറിഞ്ഞു വരും..കോച്ചിങ്ങിന് പോകുന്ന കുട്ടികളാണ് രാവിലത്തെ യാത്രക്കാരില്‍ ബഹു ഭൂരിപക്ഷവും .വീട്ടില്‍ ഇരുന്നു പഠിക്കാന്‍ സമയം കിട്ടാത്തതാണോ അതോ ബസ്സേല്‍ കയറിയപ്പോള്‍ exam ന്‍റെ  കാര്യം ഓര്‍ത്തതാണോ ,എല്ലാ കുട്ടികളും ഇരുന്നു മുടിഞ്ഞ പഠിത്തം.കണ്ടക്ടര്‍ക്ക് പോലും അവരെ ഈ പഠനത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ പേടിയാണ്..ചിലര്‍കൊക്കെ ബാക്കിയുള്ള പൈസ പോക്കറ്റില്‍ ഇട്ടു കൊടുക്കുന്നു.അത് മേടിച്ചു വെക്കാന്‍ പോലും സമയം കളയാന്‍ പോലും ഈ കൂട്ടര്‍ തയ്യാറല്ല...

centril രാവിലെ ചെല്ലുമ്പോള്‍ തന്നെ എക്സാമുണ്ട്.. മിക്കവാറും എന്‍റെ എഴുത്ത് പെട്ടെന്ന് തന്നെ കഴിയും..അഞ്ചു വൃത്തങ്ങളില്‍ ഒന്ന് കറുപ്പിക്കാനാണോ ഇത്രെയും വല്യ പാട്.എന്നിലുള്ള ചിത്രകാരനെ കണ്ടെത്താന്‍ ഈ എക്സാമുകള്‍ എന്നെ സഹായിച്ചു.പല patternil ഞാന്‍ ആ അറുപതു വൃത്തങ്ങള്‍ കറുപ്പിച്ചു.ചക്ക വീണു മുയല് ചാകുന്നത് പോലെ ചിലതൊക്കെ ശരിയാകും,ചിലത് തെറ്റും..ഭാഗ്യത്തിന് ഇത് വരെ നെഗറ്റീവ് മാര്‍ക്ക്‌ കിട്ടിയട്ടില്ല...കിട്ടുന്ന മാര്‍ക്ക്‌ വീട്ടില്‍ കാണിച്ചു അച്ഛന്‍റെ ഒപ്പ് മേടിച്ചോണ്ട് വരണം എല്ലാ ആഴ്ചയും..ഒപ്പ് ഇല്ലേല്‍ അവര്‍ വീട്ടില്‍ വിളിക്കും.എന്തിനാ വീട്ടുകാരെയും brillaiant കാരെയും ബുദ്ധിമുട്ടിക്കുന്നത് എന്നു കരുതി ഞാന്‍ തന്നെ അങ്ങ് ഒപ്പിട്ടു കൊടുക്കും..അങ്ങനെ ക്രിസ്തുമസിനു കൊല്ലാന്‍ വീട്ടില്‍ പൂവന്‍ കോഴിയെ വളര്‍ത്തുന്നത് പോലെ എല്ലാ കുട്ടികളെയും അവര്‍ ഒരു വര്‍ഷം പഠിപ്പിച്ചു വളര്‍ത്തി .

coaching ന്‍റെ  അവസാനമായപ്പോള്‍ ക്ലാസ്സില്‍ കയറാന്‍ പോലും മടിയായി..അങ്ങനെയുള്ള ഒഴിവു വേളകള്‍ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി വിനയോഗിച്ചു.ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഒട്ടു മിക്ക സിനിമകളും കണ്ടു..ക്ലാസ്സില്‍ എത്താത്ത കുട്ടികളുടെ വീട്ടില്‍ വിളിച്ചു കാരണം അന്വേക്ഷിക്കുന്ന തെറ്റായ ഒരു കീഴ് വഴക്കം കോച്ചിംഗ് centril ഉണ്ട്..ഇങ്ങനെയുള്ള വിളിക്കു തടയിടാന്‍ ഞാന്‍ ഉത്തരത്തേല്‍ കൂടി പോകുന്ന ഫോണിന്‍റെ വയര്‍ മുറിച്ചു വെച്ചിരുന്നു .ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന ദിവസം വയര്‍ വിടുവിച്ചു വെക്കും.അല്ലാത്ത ദിവസം കൂട്ടി യോജിപ്പിച്ചും..ഈ കലാപരിപാടികള്‍ അഭംഗുരം ഞാന്‍ തുടര്‍ന്നു പോന്നു..

               വീണ്ടും ഒരു ഞായറാഴ്ച വന്നെത്തി..കഴിഞ്ഞ രണ്ടു ആഴ്ച്ചകളിലും കോച്ചിങ്ങിന് പോയതിനാല്‍ അന്ന് പടത്തിനു പോകാനുറച്ചു.പല്ല് ബ്രഷ് ചെയ്യുന്നതിനിടെ ഫോണ്‍ വയര്‍ മുറിച്ചു മാറ്റി വെച്ചു.. പാലാക്ക് പോകുന്നതിനു പകരം കോട്ടയതോട്ടുള്ള ബസ്സേല്‍ കയറി..
തിയറ്ററില്‍ എത്തിയപ്പോള്‍ നമ്മുടെ കമ്പനി പിള്ളേര് മുഴുവന്‍ അവിടെ..അനുപമയില്‍ കയറി പുതു മുഖങ്ങള്‍ അഭിനയിച്ച "കൊട്ടേഷന്‍ " എന്ന പടം കണ്ടു ..വൈകുന്നേരം വരെ സമയം കൊല്ലാന്‍ വേണ്ടി ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ പോയി... അവിടെ ചെന്നതിനു ശേഷം എനിക്ക് ഒരു ഉള്‍വിളി ...എന്തോ വേണ്ടാത്തത് സംഭവിച്ചു എന്നു ഒരു തോന്നല്‍ ...ക്ലാസ്സ്‌ കട്ട്‌ ചെയ്ത കാര്യം വീട്ടുകാര്‍ അറിഞ്ഞോ എന്നൊരു ഭയം.എന്‍റെ ഈ അവസ്ഥ കണ്ടു ഒരു കൂട്ടുകാരന്‍ പറഞ്ഞു "ഡാ ,ഞാന്‍ നിന്‍റെ വീട്ടിലോട്ടു ഒന്ന് വിളിച്ചു നോക്കാം..ഫോണ്‍ വര്‍ക്ക്‌ ചെയ്താലല്ലേ പ്രശ്നമുള്ളൂ ...ഈ വിളിയോടെ എല്ലാം നേരെയാകും..".
അവന്‍റെ നാവ് പൊന്നായിരിക്കട്ടെ..എന്‍റെ കാര്യം എല്ലാം അതോടെ റെഡി ആയി..ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തത്‌ അമ്മ..അവനാകട്ടെ ഫോണ്‍ ആരും എടുക്കുമെന്നുള്ള ഒരു പ്രതീക്ഷയുമില്ലയിരൂന്നു ..ഞാന്‍ വീട്ടില്‍ ഉണ്ടോ എന്നു അവന്‍ ഒരു വിധത്തില്‍ ചോദിച്ചു..
"അവന്‍ ഇവിടെയില്ല ...പോയിരിക്കുകയാ.."എന്ന അമ്മയുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി..ഇന്നത്തോടെ എന്‍റെ എല്ലാ വിധ കലാ കായിക പരിപാടികള്‍ക്കും അന്ത്യം കുറിച്ചെന്നു മനസിലായി..

കുറച്ചു സമയത്തിനകം ഞാന്‍ വീട്ടിലെത്തി..അമ്മ കരഞ്ഞു കൊണ്ടു നില്‍ക്കുന്നു...ചേച്ചിമാരെല്ലാം എന്‍റെ അവസ്ഥയില്‍ സഹതപിക്കുന്നു...ഒരു വിധത്തില്‍ അമ്മയെ പറഞ്ഞു ഞാന്‍ സമാധാനിപ്പിച്ചു..എല്ലാവരും പറയുന്ന പതിവ് വാഗ്ദാനങ്ങള്‍ തന്നെ..ഇനി തൊട്ടു ഞാന്‍ നന്നായി പഠിച്ചോളം ...ഇത് മേലില്‍ ആവര്‍ത്തിക്കില്ല ...എന്നൊക്കെ.. ആ ദിവസം തന്നെയായിരുന്നു എന്‍റെ വല്യപ്പച്ചന്‍റെ ബര്‍ത്ത് ഡേ..ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ എല്ലാ ആന്‍റിമാരും വീട്ടില്‍ ഉണ്ടായിരുന്നു അന്ന്.. എന്‍റെ പഠനത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്കെല്ലാം അപ്പോള്‍ മനസ്സിലായി..അന്ന് വരെ എനിക്കുണ്ടായിരുന്ന അര ഉഴപ്പന്‍ ഇമേജ് മാറി ഫുള്‍ ഉഴപ്പന്‍ ഇമേജ് ആയി..

ബഹളങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അടങ്ങിയപ്പോള്‍ എന്താണ് അന്ന് വീട്ടില്‍ സംഭവിച്ചത് എന്നു ചേച്ചിയോട് ചോദിച്ചു മനസിലാക്കി..അച്ഛന്‍ ചുക്കിലി തൂക്കുകയായിരുന്നു ..അപ്പോളാണ് ഫോണ്‍ വയര്‍ വിട്ടു കിടക്കുന്നത് കണ്ടത്..വല്ല എലി കരണ്ടതായിരിക്കും എന്നു വെച്ചു അത് യോജിപ്പിച്ചു..ഏതാനും സമയം കഴിഞ്ഞപ്പോള്‍ പാലായില്‍ നിന്ന് വിളിയെത്തി..ഇന്ന് മകന്‍ എന്താ വരാത്തത് എന്നവര്‍ അമ്മയോട് ചോദിച്ചു.അമ്മ പറഞ്ഞു അവന്‍ രാവിലെ തന്നെ ഇവിടെ നിന്ന് ഇറങ്ങിയതാണല്ലോ..ഇത് കേട്ടപ്പോള്‍ തങ്ങള്‍ക്കു തെറ്റ് പറ്റിയതായിരിക്കും എന്നു വെച്ചു അവര്‍ എന്നെ തിരക്കി ക്ലാസ്സുകളില്‍ ഇറങ്ങി..മൈക്കില്‍ കൂടി എന്‍റെ പേര് അന്നൌന്‍സ് ചെയ്തു ...
ഞാന്‍ അവിടെ എത്തിയട്ടില്ല എന്ന വാര്‍ത്ത‍ വീട്ടില്‍ വിളിച്ചു  അറിയിച്ചു..


ഞാന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങിയ കാര്യത്തിന് അതോടെ വീട്ടില്‍ സ്ഥിരീകരണം ആയി..
ഇതോടെ ഞാന്‍ എന്‍റെ ഞായറാഴ്ച പടം കാഴ്ചക്ക് സമാപനം ആയി..അന്നത്തെ സംഭവത്തോടെ ഞാന്‍ പാലായില്‍ അത്യാവശ്യം അറിയപ്പെടുന്നവനായി..ആര്‍ക്കും എന്നെ കണ്ടാല്‍ അറിയില്ല..പക്ഷെ എന്‍റെ പേരു മിക്ക കുട്ടികള്‍ക്കും സുപരിചിതമായി..എന്നോട് തന്നെ ഒരു കുട്ടി ലാസ്റ്റ് സണ്‍‌ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്ത "ആ" കുട്ടിയെ(അതായതു എന്നെ തന്നെ)അറിയാമോ എന്നു ചോദിച്ചിരുന്നു  .ഈ സംഭവത്തോടെ  വീട്ടു കാര്‍ എഞ്ചിനീയറിംഗ് management സീറ്റിനായുള്ള അന്വേക്ഷണം ആരംഭിച്ചു..