Saturday, March 17, 2012

തെലുങ്കന്‍ കൊത്തിയ കസ്തൂരി മാമ്പഴം

          നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കാന്‍ തമിഴ് നാട്ടിലെത്തി . ഏതായാലും ചേര്‍ന്നതല്ലേ കാര്യമായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.കൃത്യമായി ക്ലാസ്സില്‍ പോയും ലാബ്‌ റെക്കോര്‍ഡ്‌ കമ്പ്ലീറ്റ്‌ ആക്കിയും അങ്ങനെ കഴിഞ്ഞു പോന്നു. ഈ കാലഘട്ടത്തില്‍ ആ കാമ്പസില്ലുള്ള സുന്ദരിമാരെ തല്‍കാലം മറന്നു. ഫസ്റ്റ് സെമെസ്ടര്‍ എക്സാം അങ്ങനെ വന്നെത്തി. ആദ്യത്തെ നാലു പരീക്ഷകള്‍ നല്ലത് പോലെ എഴുതി. അവസാനത്തെ പരീക്ഷ ദിവസം സമാഗതമായി..


ആ ദിവസം.........


                     അവസാന മിനിറ്റ് പഠിത്തം കഴിച്ച ഞാന്‍ മനസ്സ് ശാന്തമാക്കാന്‍ ചുറ്റും പഠിക്കുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഉറ്റ സ്നേഹിതനും സഹോദര തുല്യനുമായ മത്തായി രജനികാന്ത് സ്റ്റൈലില്‍ റിവൈസ് ചെയ്യുന്നു. അവിടെനിന്നും കണ്ണെടുത്ത ഞാന്‍ അവളെ കണ്ടു...ആ അസ്പരസിനെ അല്ല അപ്സരസിനെ ഞാന്‍ കണ്ടു (ഈ ഭൂമിയില്‍ ഒന്നിലധികം അപ്സരസ്സുകളുണ്ട്,അതിനാല്‍ ഇത് വായിക്കുന്ന സുന്ദരിമാര്‍ എന്നെ തെറ്റിദ്ധരിക്കല്ല്.നിങ്ങളും അവരില്‍ ഒരാളാണ്). ആ ആള്‍ കൂട്ടത്തിനിടയിലേക്ക് എന്റെ കണ്ണുകള്‍ ഓട്ടോ ഫോക്കസ് ചെയ്തു ...


                       കണ്ടാല്‍ ഒരു ആവറെജു ആവറേജര പെണ്‍കുട്ടി  (ഇത്തരത്തിലുള്ള പുതിയ വാക്കുകള്‍ സംഭാവന ചെയ്യുന്ന എനിക്ക് ഒരു നോബല്‍,അറ്റ്ലീസ്റ്റ് ഒരു പൊന്നാടയെങ്കിലും തരണം.). ഭംഗിയുള്ള ഒരു ചുരിദാര്‍ ആണ് വേഷം. ചുരുണ്ട മുടി അഴിച്ചിട്ടിരിക്കുനു. അവളും പരീക്ഷക്കുള്ള പഠനത്തിലാണ്. ഈ കുട്ടിയെ കണ്ടില്ലെങ്കില്‍ മത്തായി ചേട്ടന് നഷ്ട്ട മായിരിക്കും എന്ന് വെച്ച് ഞാന്‍ പുള്ളിയും കാണിച്ചു കൊടുത്തു. ഞങ്ങളുടെ ഈ നോട്ടം അവളും കണ്ടു. ഞങ്ങളെ കടന്നു പോയ അവളെ ഞങ്ങള്‍ പിന്തുടര്‍ന്നു.


                    രണ്ടാം സമസ്ടരിന്‍റെ ഇടവേളകള്‍ അവളെ കാണാനായി മാത്രം വിനയോഗിച്ചു. ആദ്യമൊക്കെ ഈ പ്രവര്‍ത്തിയില്‍ താല്പര്യം കാണിക്കാതിരുന്ന എന്‍റെ സുഹൃത്തുക്കളായ മസിലനും മാമയും കൂടെ കൂടെ ഇതില്‍ പങ്കാളികളായി. അവളെ എവിടെ വെച്ച് കണ്ടാലും അവര്‍ എന്നെ വിളിച്ചു കാട്ടി തന്നു. താമസിക്കാതെ തന്നെ അവളെ ഏതു ആള്‍ കൂട്ടത്തില്‍ നിന്നും തിരിച്ചറിയാന്‍ മാത്രം ഞാന്‍ പ്രാപ്തനായി. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഉടക്കിടാന്‍ ചില ലവന്മാര് കാണുമല്ലോ.അത് പോലെ ഈ വായി നോട്ടത്തിനെ ഉഴപ്പാന്‍ പലരും പല കഥകളും പറഞ്ഞു. അവള്‍ക് ലൈന്‍ ഉണ്ടെന്നു എന്‍റെ സഹപാഠികള്‍ മുന്നറിയിപ്പ് തന്നു. ഞാന്‍ അതെല്ലാം അവഗണിച്ചു എന്‍റെ ചെയ്തികള്‍ തുടര്‍ന്ന് പോന്നു..


                           ഹോസ്റ്റലില്‍ നിന്ന് തല്‍കാലം രക്ഷപെടാന്‍ വേണ്ടി ഒരു വര്‍ക്ക് ഷോപ്പിനു പേര് കൊടുത്തു. രണ്ടു ദിവസത്തേക്ക് കോളേജില്‍ പോകേണ്ട. പകരം താംബരത്തുള്ള കോളേജില്‍ പോയാല്‍ മതി. ആദ്യ ദിവസം സംഭവ ബഹുലമായിരുന്നു. വര്‍ക്ക് ഷോപ്പ് നടത്തിയ ചേച്ചിയെ വിറപ്പിച്ചു മസിലന്‍ കോളേജില്‍ പേരെടുത്തു. കോളേജില്‍ ഇട്ടിരിക്കുന്ന പാട്ട വിമാനത്തിന്‍റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്തെല്ലാം ആദ്യ ദിവസം തള്ളി നീക്കി. രണ്ടാം ദിവസം ആദ്യ ദിവസം പോലെ കഴിഞ്ഞു.ആകെ  കൂടെ ഒരു വ്യത്യാസം ഉണ്ടായിരുന്നത് മസിലനു പകരം മാമായാണ് അന്ന്  വര്‍ക്ക് ഷോപ്പ് സജീവമാക്കിയത്. തളര്‍ന്നു അവശരായ നാലു പേരും തിരിച്ചു പോകാന്‍ വേണ്ടി താംബരം ബസ് സ്റ്റാന്‍ഡില്‍ എത്തി.

                           മത്തായി എന്തോ കണ്ടു അമ്പരന്നു നിന്നു. കൂട്ടത്തില്‍ ഞാനും.
രണ്ടു പേരും മുഖത്തോട് മുഖം നോക്കി. "ആ പോയത് അവളല്ലേ " എന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പറഞ്ഞത്. സംശയ ദുരീകരണ ദൗത്യം മാമയും മസിലനും ഏറ്റെടുത്തു . ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു അവര്‍ വന്നു. അവരുടെ മുഖത്ത് നിന്നു തന്നെ എന്തോ വേണ്ടാത്തത് കണ്ടു എന്ന് മനസിലാക്കി. അവരെ വകഞ്ഞു മാറ്റി ഞാന്‍ ആ കാഴ്ച നോക്കി കണ്ടു.. ഞങ്ങള്‍ ഇത്രെയും കാലം ആരാധനയോടെ നോക്കി കണ്ടിരുന്ന ആ അപ്സരസ്സ് ഏതോ ഒരു അസുരന്‍റെ തോളത്ത് കയ്യിട്ടു നടക്കുന്നു. ഇത്രെയും നാള്‍ കണ്ടു കൊണ്ടിരുന്ന ഒരു റോസാ പൂവ് വഴിയെ പോയ ഒരുവന്‍ വന്നു അടര്‍ത്തി കൊണ്ട് പോകുമ്പോള്‍ എല്ലാവര്ക്കും തോന്നുന്ന ഒരു "ഇത് " ഇല്ലേ ,അതെനിക്കും അപ്പോള്‍ തോന്നി. ഒരു സമസ്ടര്‍ നീണ്ടു നിന്ന വായി നോട്ടം    താമ്പരത്ത് അന്ന് അവസാനിച്ചു .

                      ഒരാഴ്ചത്തെ അന്വേക്ഷണത്തിന് ശേഷം അന്ന് അവളുടെ കൂടെ കണ്ട അസുരന്‍ ആരാണെന്നു തിരിച്ചറിഞ്ഞു. ആന്ധ്ര പ്രദേശില്‍ നിന്നും മലയാളികളുടെ നെഞ്ചത്ത് ചവിട്ടാന്‍ വേണ്ടി വന്ന ഒരു തെലുങ്കന്‍............ 
ഈ വാര്‍ത്ത‍ അറിഞ്ഞ എനിക്കവളോട് പുച്ഛം തോന്നി. ഇത്രയുമധികം കേരള പുരുഷന്മാര്‍ അവിടെ ഉണ്ടായിട്ടു ഈ പരട്ട തെലുങ്കനെ മാത്രേ അവള്‍ക് പ്രേമിക്കാന്‍ കിട്ടിയൊള്ളൂ . മലയാളികള്‍ കാത്തു വെച്ചിരുന്ന ആ കസ്തുരി മാമ്പഴം ഒരു തെലുങ്കന്‍ കാക്ക കൊത്തി കൊണ്ട് പോയി... അവസാന റിപ്പോര്‍ട്ട്‌ പ്രകാരം ആ മാമ്പഴം ഇപ്പോളും തെലുങ്കന്‍റെ   കൈയില്‍ തന്നെയാണ്...