Monday, December 26, 2011

പുകവലി ആരോഗ്യത്തിനു ഹാനികരം

കുരുത്തക്കേടുകള്‍ തഴച്ചു വളരുന്ന പ്ലസ് ടു കാലഘട്ടം... തങ്ങളുടെ കഴിവ് വെള്ളമടിയിലാണോ പുകവലിയിലാണോ എന്ന് ഏതൊരും തോന്ന്യവാസിയും ഗവേക്ഷണം നടത്തുന്ന സുന്ദര കാലഘട്ടം. സാമ്പത്തിക ഞെരുക്കം മിക്കവരെയും മദ്യത്തില്‍ ഈ പരീക്ഷണം നടത്താന്‍ തടസ്സം നിന്നു. സ്ഥിര വരുമാനമായി ആകെയുള്ളത് ബസ്‌കാരെ  പറ്റിച്ചു കിട്ടുന്ന വണ്ടി കൂലി മാത്രം. ഈ കാശു പുകവലിയില്‍ നിക്ഷേപിക്കാനെ തികയൂ.

                                                      മൂക്കിലൂടെ  പുക വിടുന്നതാണ് പുകവലിയിലെ ആദ്യ കടമ്പ . ചുമക്കാതെ,പുക മൂലം എരിയുന്ന മൂക്ക് തിരുമ്മാതെ നില്ക്കാന്‍ സാധിക്കുന്ന എല്ലാവരെയും ഈ പരീക്ഷ വിജയിച്ചതായി കണക്കാക്കും. അടുത്ത ഘട്ടം വട്ടത്തില്‍ പുക വിടുക എന്നുള്ളതാണ്. റബ്ബര്‍ തോട്ടത്തിലെ കാറ്റു കാരണമാണെന്ന് തോന്നുന്നു ഞങ്ങള്‍ക്ക് ആര്‍ക്കും കണക്കു പേപ്പര്‍ എന്ന പോലെ പാസ്സാകാന്‍ പറ്റിയില്ല.പലരും പല പരീക്ഷണങ്ങളും പുകവലിയില്‍ നടത്തി..മിക്കവരുടെയും ലാബ്‌ സ്കൂളിനു പുറകിലെ റബ്ബര്‍ തോട്ടമാണ്. പുക ചെവിയിലൂടെ വിടാന്‍ ശ്രമിച്ചു നെറുകംതലയില്‍ പുക കയറി മന്ദിപ്പായി തോട്ടത്തില്‍ കിടന്ന "മൊയിജാനേ" ഈ അവസരത്തില്‍ സ്മരിക്കുന്നു.

                             പ്ലസ് ടു ലാബ്‌ എക്സാം നടക്കുന്ന സമയം.. ആര്‍ക്കും ഒരു കിടുമണ്ടിക്കയും അറിയത്തില്ല.അതെങ്ങനെ അറിയാനാ ,ലാബ്‌ ചെയ്യേണ്ട സമയത്ത് പ്ലസ് വണ്ണിലെ പെണ്‍കുട്ടികളെ കുറിച്ചും ശനിയാഴ്ച ഇതു പടത്തിനു പോകണം എന്നതുമായിരിക്കും സംസാരികുക.പെണ്ണുങ്ങളുടെ റെക്കോര്‍ഡ്‌ നോക്കിയെഴുതിയും സ്വന്തമായി ടീച്ചറിന്‍റെ ഒപ്പിട്ടും ഒരു വര്‍ഷം കഴിച്ചു കൂട്ടി..റെക്കോര്‍ഡ്‌ മൊത്തം തുണ്ടെഴുതി ലാബ്‌ എക്സാമിന് ഞങ്ങളും തയ്യാറെടുത്തു ..

                        ഞാന്‍ ലാബില്‍ കയറി,മേശയില്‍ കമഴ്ത്തി വെച്ചിരിക്കുന്ന ഒരു കൊസ്റ്യന്‍ എടുത്തു എഴുത്ത് തുടങ്ങി. കാരണവന്മാര്‍ ചെയ്ത പുണ്യം... കിട്ടാവുന്നതില്‍ എളുപ്പമുള്ളതു തന്നെ കിട്ടി. ഔട്പുട്ട് കാണിച്ചു വൈവാക്ക്‌ എക്സ്റ്റെര്‍നലിന്‍റെ അടുത്തേക്ക് പോയി..സാറ് മല്ലപ്പള്ളി ഐ എച്ച് ആര്‍ ഡി യില്‍ നിന്നാ..കണ്ടിട്ട് ആള്‍ അല്പം പരുക്കനാണെന്ന് തോന്നി..പുള്ളി ചോദിച്ചു തുടങ്ങിയപ്പോള്‍ എന്‍റെ ഊഹം തെറ്റിയില്ല എന്ന് പിടി കിട്ടി..ഒരു വിധത്തില്‍ ചിരിച്ചും തല താഴ്ത്തി ഇരുന്നും വൈവാ കഴിച്ചു കൂട്ടി..
    
                        പുറത്തിറങ്ങി റെക്കോര്‍ഡ്‌ ബാഗില്‍ വെക്കുമ്പോലാണ് അകത്തു തലക്ക് താങ്ങ് കൊടുത്തിരിക്കുന്ന "കൊച്ചു ബി " യെ കണ്ടത്.ആശാന്‍ ധര്‍മ സങ്കടത്തിലാണ് ...ട്രാന്‍സിസ്റ്ററി ന്‍റെ  ബേസ് ടെര്‍മിനല്‍ ഏതാണെന്ന് മനസിലാകുന്നില്ല..അടി തൊട്ടു മുടി വരെ നോക്കിയിട്ടും രക്ഷയില്ല.ഞാന്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു . ട്രാന്‍സിസ്റ്ററിന്‍റെ പിന്‍ ലേഔട്ട്‌ ഒരു പേപ്പറില്‍ വരച്ചു കാണിച്ചു കൊടുത്തു.കൊച്ചു ബി പടം വരച്ചു തീര്‍ന്നപ്പോള്‍ ലാബിന്‍റെ അകത്തു നിന്നു  എക്സ്റ്റെര്‍നലിന്‍റെ  ശബ്ദം...


"ആരാ അവിടെ നിന്ന് റെക്കോര്‍ഡ്‌ കാണിച്ചു കൊടുക്കുന്നത് "


കേട്ട പാതി കേക്കാത്ത പാതി ബാഗും കൊണ്ട് ഞാന്‍ ഓടി.എന്നെയെങ്ങാനും കണ്ടാല്‍ ഉള്ള മാര്‍ക്കു കൂടി പുള്ളി ഗണപതിക്ക്‌ അടിക്കും.എന്തിനാ വെറുതെ വഴിയെ പോയ ടിപ്പറിനു ഓട്ടോ വിളിച്ചു പോയി തല വെക്കുന്നത്..എക്സാം കഴിഞ്ഞു കൊച്ചു ബി എത്തി.പടം നോക്കി വരച്ചത് കൊണ്ടാണെന്ന് തോന്നുന്നു,അവനെ കൊസ്റ്യന്‍ ചോദിച്ചു കൊന്നു..ആ ക്ഷീണം മുഖത്ത് കാണാനുമുണ്ട്.


                                             പൊറോട്ടയും ബീഫും(പിന്നെ ബീഫു , ബീഫ് ചാറാ സ്ഥിരം അടിക്കുന്നത്  ) അടിക്കാന്‍ ജെ സി ബി ഹോട്ടലിലേക്ക് കയറി..ഓര്‍ഡര്‍ എത്തുന്നത്‌ വരെയുള്ള സമയം ഊണിനു വേണ്ടി മേശയില്‍ വെച്ചിരുന്ന മോരും സാമ്പാറും ടേസ്റ്റ് ചെയ്തു..എക്സാം കഴിഞ്ഞതല്ലേ ,ഒരു പുക എടുത്തേക്കാം എന്ന അഭിപ്രായം എല്ലാവരും ഏക സ്വരത്തോടെ അംഗീകരിച്ചു ..അടുത്തുള്ള പെട്ടിക്കടയില്‍ കയറി ഓരോ സിഗരട്ട് വീതം മേടിച്ചു വലി തുടങ്ങി..പൈസ പോക്കെറ്റില്‍ നിന്നെടുക്കുമ്പോള്‍ കടയില്‍ വേറൊരുവന്‍ വന്നു ഒരു പാക്കറ്റ് സിഗരട്ട് ചോദിച്ചു..പെട്ടികടയുടെ മുന്‍പില്‍ തൂക്കി ഇട്ടിരിക്കുന്ന സിനിമ മാഗസീന്‍സും മറ്റു "മ",""മു" മാസികകളും കാരണം ആളെ കാണാന്‍ സാധിച്ചില്ല ..ആരാണെന്ന് അറിയാന്‍ മാസിക മാറ്റി ഞങ്ങള്‍ നോക്കി..


മല്ലപ്പള്ളിയില്‍ നിന്ന് വന്ന ലാബ്‌ എക്സ്റ്റെര്‍നല്‍ സര്‍ 


                                     ആകെ കൂടി ഒരു അങ്കലാപ്പ് ....എന്ത് ചെയ്യണമെന്നറിയില്ല ..ഒരുത്തന്‍റെ വായില്‍ കൂടെ പുക വന്നു കൊണ്ടേ ഇരിക്കുന്നു ..വേറൊരുവന്‍ സിഗരറ്റില്‍ തീ പകര്‍ത്തുന്നു ..ഞങ്ങള്‍ ആണേല്‍ യൂണിഫോമിലും .. ഈ കുരുത്തക്കേട്‌ കാണിക്കുന്ന ഞങ്ങളുടെ മാര്‍ക്ക്‌ സാറിന്  കുറയ്ക്കാം..വേണേല്‍ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറോട് പരാതിപ്പെടാം .വരാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് ആലോചിച്ചു എന്‍റെ തലയില്‍ നിന്നും പുക ഉയര്‍ന്നു ...സാറു എന്തോ പറയാനൊരുങ്ങി.അത് കേള്‍ക്കാനായി ഞങ്ങള്‍ ചെവിയോര്‍ത്തു.                                    ഭയചകിതരായി (വെറുതെയാ ,നമ്മള് ചിരിച്ചോണ്ട് നിന്നാല്‍ സാറിന് ഫീല്‍ ആയാലോ ) നില്‍ക്കുന്ന ഞങ്ങളെ നോക്കി അദ്ദേഹം മൊഴിഞ്ഞു..


"ഈ പ്രായത്തിലെ വലിക്കാന്‍ തുടങ്ങിയാല്‍ കൂമ്പ് വാടി പോകും "


ഇത്രയും പറഞ്ഞതിന് ശേഷം പുള്ളി തിരിഞ്ഞു സ്കൂളിലേക്ക് നടന്നു..ഭാഗ്യം പണിയൊന്നും കിട്ടത്തില്ല..പുള്ളിയും ചെറുപ്പത്തിലെ വലിച്ചു തുടങ്ങിയതാണെന്ന് തോന്നുന്നു,ഞങ്ങളോട് ഒരു വാത്സല്ല്യം.അത് കാരണമായിരിക്കും ഞങ്ങളുടെ പുകവലി സാറു കാര്യമായി എടുത്തില്ല. ആ സംഭവത്തോടെ പുകവലി ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ഹാനികരമാണെന്ന് മനസ്സിലായി.(സാറിനെ കണ്ടപ്പോള്‍  ഹൃദയം നിന്ന് പോയി ..അമ്മച്ചിയാണേല്‍ നേര് )










                                    




                                         

                                                   

2 comments:

  1. തോന്നിയവാസീ നന്നായിരിക്കുന്നു...ആ പഴയ കാലങ്ങളിലേക്ക് ഒന്ന് പോയിവരനായി ...........

    ReplyDelete
  2. കൊള്ളാം.. കൌമാര കാലത്തെ വികൃതികളുടെ ശേഖരണങ്ങളില്‍ ചിലത് !

    ReplyDelete